കോഴിക്കോട്: ഗോവയിൽനിന്ന് കേരളത്തിലേക്ക് കൂറിയർ വഴി ലഹരിമരുന്ന് എത്തിച്ചിരുന്ന മയക്കുമരുന്ന് സംഘത്തിന്റെ സൂത്രധാരൻ തൃശ്ശൂർ സ്വദേശി സാക്കിർ ഹുസൈ(34)നെ കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. കളിപ്പാട്ടത്തിനുള്ളിലാണ് എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ അയച്ചിരുന്നത്.

ഗോവയിൽ സാക്കി എന്നപേരിൽ അറിയപ്പെടുന്ന സാക്കിർ ഹുസൈൻ ആർകിടെക്ട് ബിരുദധാരികൂടിയാണ്. അഞ്ചുവർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്നു. ഗോവയിലെത്തുന്ന മലയാളി യുവാക്കളെ മയക്കുമരുന്ന് നൽകി സംഘത്തിൽ കണ്ണികളാക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഗോവയിലെ ഡി.ജെ. പാർട്ടികളിലും സാക്കിർ ഹുസൈൻ പതിവായി ഉണ്ടാവാറുണ്ട്.

കഴിഞ്ഞവർഷം നവംബറിൽ മലപ്പുറം ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിനുസമീപമുള്ള വാടകവീട്ടിൽനിന്ന് എൽ.എസ്.ഡി., എം.ഡി.എം., ഹാഷിഷ് ഓയിൽ, കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി കോഴിക്കോട് പെരുമണ്ണ സ്വദേശി കളത്തിങ്ങൽ റമീസ് റോഷൻ (25), മലപ്പുറം മുസ്ല്യാരങ്ങാടി സ്വദേശി പാമ്പോടൻ ഹാശിബ് ഷഹീൻ (24) എന്നിവർ പിടിയിലായിരുന്നു. ഇവരിൽനിന്നാണ് സാക്കിർ ഹുസൈനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിക്കുന്നത്. തുടർന്ന് സാക്കിർ ഹുസൈനോട് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും ഒളിവിൽപ്പോവുകയായിരുന്നു.

ഗോവയിലെ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള പ്രശ്നത്തിന്റെ ഭാഗമായി അടിയേറ്റ് നാട്ടിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബൈജുവും സംഘവും തൃശ്ശൂർ വാടാനപ്പള്ളിയിലെ മൊയ്തീൻപള്ളിക്കടുത്ത പുത്തൻപുരയിൽ വീട്ടിൽവെച്ച് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. തൃശ്ശൂരിൽ എക്സൈസ് രജിസ്റ്റർചെയ്ത സമാനമായ കേസിലും ഇയാൾ പ്രതിയാണ്.

ക്രൈംബ്രാഞ്ച് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി. സുഗന്ധകുമാർ, പി. സജീവ്, കെ. സുധീർ, സിവിൽ എക്സൈസ് ഓഫീസർ ജിബിൽ, ഡ്രൈവർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു. സാക്കിർ ഹുസൈനെ മഞ്ചേരി എൻ.ഡി.പി.എസ്. പ്രത്യേക കോടതി റിമാൻഡ് ചെയ്തു.