പിണറായി(കണ്ണൂര്‍): ഭര്‍ത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി യുവതി പിണറായി പോലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശിയായ സൈറാഫാത്തിമ(ജിയാറാം ജി ലോട്ട)യാണ് മമ്പറം കുഴിയില്‍പീടികയിലെ ഭര്‍ത്താവിനെ തിരഞ്ഞ് കുഞ്ഞുമായി സ്റ്റേഷനിലെത്തിയത്.

ഒരുവര്‍ഷം മുമ്പ് രണ്ട് പെണ്‍മക്കളെയും തന്നെയും ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളയുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. അഹമ്മദ്‌നഗര്‍ ജില്ലയിലെ വാറങ്ക്വിഷിയിലാണ് സൈറയും കുടുംബവും താമസിച്ചിരുന്നത്. ആരോപണം ശരിയാണോ എന്നറിയാന്‍ കുഴിയില്‍പീടികയിലെ ഭര്‍ത്താവിന്റെ തറവാട്ടുവീട്ടില്‍ പോലീസ് യുവതിയുമായി പോയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ ബന്ധുവീട്ടില്‍ അന്വേഷിച്ചപ്പോള്‍ വര്‍ഷങ്ങളായി ഇയാള്‍ വീട്ടില്‍ വരാറില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തിരികെ നാട്ടിലേക്ക് പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് ഉള്‍പ്പെടെ നല്‍കാമെന്ന് പോലീസ് അറിയിച്ചെങ്കിലും വഴങ്ങിയില്ല. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജയുടെ നിര്‍ദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന 'സഖി'യില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യുവതിയുടെ പുനരധിവാസം സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.ഐ. പി.സി. വിനോദ്കുമാര്‍ പറഞ്ഞു.

ഹിന്ദി മാത്രം അറിയാവുന്ന സൈറയില്‍നിന്ന് ബുദ്ധിമുട്ടിയാണ് എ.എസ്.ഐ. പി.കെ. ശൈലജ, ആര്‍.കെ. സൂരജ് എന്നിവര്‍ വിവരങ്ങള്‍ ശേഖരിച്ചത്.