മധുര: അഭിഭാഷകന്റെ ആത്മഹത്യാക്കുറിപ്പിൽ കാമുകിയെ കൊന്ന് കുഴിച്ചിട്ടതായി വെളിപ്പെടുത്തൽ. മധുരയിൽ താമസിക്കുന്ന ഹരികൃഷ്ണനാണ്(40) കാമുകി ചിത്രാദേവി(36)യെ കൊലപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവിയുടെ തിരോധാനത്തിലും ചുരുളഴിഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെ പത്ത് വയസ്സുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണൻ താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തിൽ പോലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഈ കുറിപ്പിലാണ് ചിത്രാദേവിയെ കൊന്ന് വീട്ടിലെ കുളിമുറിയിൽ കുഴിച്ചിട്ടതായി എഴുതിയിരിക്കുന്നത്. കുറ്റം ഏറ്റെടുക്കാനും ശിക്ഷ ഏറ്റുവാങ്ങാനുമുള്ള കെൽപ്പില്ലാത്തതിനാൽ താൻ ജീവനൊടുക്കുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു.

അതേസമയം, ചിത്രാദേവിയെ കൊലപ്പെടുത്തിയതാണെന്ന കുറിപ്പ് കണ്ടെടുത്തെങ്കിലും വിശദമായ അന്വേഷത്തിലൂടെയും പരിശോധനയിലൂടെയും മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസിന്റെ പ്രതികരണം. മൃതദേഹം കണ്ടെടുക്കാനായി പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ രണ്ട് മുതലാണ് മധുരയിൽ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. ഏപ്രിൽ അഞ്ചിന് മകളെ കാണാനില്ലെന്ന് ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പോലീസിൽ പരാതി നൽകി. മകളും ഹരികൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ ചിത്രാദേവിയുടെ പിതാവ് പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഹരികൃഷ്ണനും ചിത്രാദേവിയും അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്. മധുരയിൽ അഭിഭാഷകനായ ഹരികൃഷ്ണൻ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് വിവാഹമോചനം നേടിയത്. ചിത്രാദേവിയും ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

Content Highlights:madurai lawyer found dead in home he confessed murder of his girl friend in suicide note