ഭോപ്പാൽ: വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാൻ ശ്രമിച്ച 45-കാരന്റെ ജനനേന്ദ്രിയം അരിവാൾ കൊണ്ട് വെട്ടിമാറ്റിയത്.

സംഭവത്തിന് ശേഷം അർധരാത്രിയോടെ സ്ത്രീ തന്നെയാണ് പോലീസ് ഔട്ട്പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റയാളെ പോലീസ് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്. ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയിൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. 45-കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകൻ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

സ്ത്രീയെ ആദ്യം മർദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ഇതിനിടെയാണ് കട്ടിലിനടിയിലുണ്ടായിരുന്ന അരിവാൾ കൊണ്ട് സ്ത്രീ 45-കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. അർധരാത്രി 1.30-ഓടെ സ്ത്രീ തന്നെയാണ് പോലീസ് ഔട്ട് പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടർന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി 45-കാരനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Content Highlights:madhya pradesh woman chops off mans genitals after he tries to rape her