ഭോപ്പാല്‍: സൈക്കോ കില്ലറെന്ന് മധ്യപ്രദേശ് പോലീസ് വിശേഷിപ്പിച്ചിരുന്ന ദിലീപ് ദേവാലിനെ ഏറ്റുമുട്ടലില്‍ വധിച്ചു. മധ്യപ്രദേശിലെ രത്‌ലാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈക്കോ കില്ലറെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഏറ്റമുട്ടലിനിടെ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവാല്‍ വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളില്‍ പ്രതിയാണ്. വയോധികര്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറി അവരെ കൊലപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തുന്നതാണ് രീതി. 

നവംബര്‍ 25-ന് രത്‌ലാമില്‍ ദമ്പതിമാരെയും മകളെയും ഇയാളും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ വ്യാപകമായി പടക്കം പൊട്ടിച്ചതിനാല്‍ തൊട്ടടുത്ത് താമസിച്ചവര്‍പോലും വെടിയൊച്ച കേട്ടിരുന്നില്ല. ഈ കേസില്‍ ദിലീപിന്റെ കൂട്ടാളികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. ജൂണില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ദിലീപിനായി തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു മൂന്നംഗ കുടുംബത്തെയും കൊലപ്പെടുത്തിയത്. 

Content Highlights: madhya pradesh psycho killer killed by police in an encounter