ഭോപ്പാല്‍: ഒളിവില്‍പോയ പീഡന കേസ് പ്രതി കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശിലെ ഉജ്ജ്വയിന്‍ ബട്‌നഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ. മുരളി മോര്‍വാലിന്റെ മകന്‍ കരണി(30)നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  സെപ്റ്റംബര്‍ 28-ന് മുമ്പ് കീഴടങ്ങിയില്ലെങ്കില്‍ പ്രതിയുടെ പേരിലുള്ള എല്ലാ വസ്തുവകകളും കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു. 

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഏപ്രില്‍ രണ്ടിനാണ് ഇന്ദോറിലെ യുവതി കരണിനെതിരേ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കരണ്‍ ഒളിവില്‍ പോവുകയായിരുന്നു. 

കഴിഞ്ഞ അഞ്ച് മാസമായി പോലീസ് സംഘം പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മഹിളാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജ്യോതി ശര്‍മ പറഞ്ഞു. കരണിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാല്‍ കരണ്‍ എവിടെയെന്ന് കണ്ടെത്താനോ പിടികൂടാനോ പോലീസിന് കഴിഞ്ഞില്ല. പ്രതി ഒളിവില്‍പോയതായി അടുത്തിടെ കോടതിയും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 28-ന് മുമ്പ് കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് സെപ്റ്റംബര്‍ 28-ന് മുമ്പ് കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിയുടെ സ്വത്ത് വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കീഴടങ്ങിയില്ലെങ്കില്‍ ഇതെല്ലാം കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ ജ്യോതി ശര്‍മ വ്യക്തമാക്കി. 

Content Highlights: madhya pradesh police will attach properties of rape case accused if he doesnt surrender