അമ്പലവയൽ(വയനാട്): ഷോറൂമിൽ സർവീസിനെത്തുന്ന വിലപിടിപ്പുള്ള കാറുകൾ അടിച്ചുമാറ്റുന്ന കള്ളനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ബെംഗളൂരു ജനാർദന സ്കൂൾ സ്വദേശി നസീർ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച കാക്കവയലിലെ ഷോറൂമിൽ സർവീസിന് കൊണ്ടുവന്ന ഇന്നോവ ക്രിസ്റ്റയുമായി കടന്ന ഇയാൾ വടുവൻചാലിൽനിന്നാണ് പിടിയിലായത്. തിങ്കളാഴ്ച കോഴിക്കോട്ടെ ഷോറൂമിൽ നിന്ന് മോഷ്ടിച്ച 44 ലക്ഷം വിലയുള്ള കാറുമായാണ് ഇയാൾ വയനാട്ടിലെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ. കാക്കവയലിലെ ഷോറൂമിൽ സർവീസിന് കൊണ്ടുവന്ന ഇന്നോവ ക്രിസ്റ്റ ഷോറൂമിന്റെ മുറ്റത്തുനിന്നാണ് ഇയാൾ മോഷ്ടിച്ചത്. ബത്തേരി ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചുപോയ കാർ കൃഷ്ണഗിരിയിൽ പോലീസിന്റെ ഇന്റർസെപ്റ്റർ പരിശോധനയിൽ കുടുങ്ങി. കൈകാണിച്ചെങ്കിലും നിർത്തിയില്ല. പോലീസ് വാഹന ഉടമയുടെ വിവരം ശേഖരിച്ച് മൊബൈൽ നമ്പറിൽ വിളിച്ചു. അപ്പോഴാണ് സർവീസിന് നൽകിയ കാറാണെന്നും മോഷ്ടിച്ചു കൊണ്ടുപോകുകയാണെന്നും മനസ്സിലായത്. ഉടൻ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി.
ഇതിനിടെ കാറുമായി അമ്പലവയലിലെത്തിയ ഇയാളെ വാഹനം കുറുകെനിർത്തി തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും താഴെ ആയിരംകൊല്ലിയിൽ മൺതിട്ടയ്ക്ക് താഴേക്ക് അപകടകരമാംവിധം വണ്ടിയിറക്കി ഞൊടിയിടയിൽ രക്ഷപ്പെട്ടു. ഇയാളുടെ പിന്നാലെ പോയവരും നാട്ടുകാരുംചേർന്ന് വടുവൻചാലിൽ വാഹനം തടഞ്ഞു. രക്ഷയില്ലെന്ന് മനസ്സിലായതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
കാറുമായി രക്ഷപ്പെടാനുള്ള പാച്ചിലിൽ ഇതിനിടെ കാറും ബൈക്കുമടക്കം ഒട്ടേറെ വണ്ടികളിലിടിച്ച് കേടുപാടും വരുത്തി. തിങ്കളാഴ്ച കോഴിക്കോട്ടെ ഷോറൂമിൽനിന്ന് മോഷ്ടിച്ച വാഹനവുമായാണ് ഇയാൾ വയനാട്ടിലെത്തിയത്. ജി.പി.എസിലൂടെ കാർ പിണങ്ങോട് റോഡിൽ കണ്ടെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കാക്കവയലിലെ സംഭവം. മാന്യമായി വേഷംധരിച്ച് ഷോറൂം പരിസരത്ത് ചുറ്റിപ്പറ്റിനിന്ന് വിലപിടിപ്പുള്ള വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സർവീസിന് വരുന്ന വണ്ടികളിൽ മിക്കപ്പോഴും താക്കോൽ ഉണ്ടാകും. ഇത് മുതലെടുത്താണ് മോഷണം. കല്പറ്റ, മീനങ്ങാടി പോലീസ് സ്റ്റേഷനുകളിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
Content Highlights:luxury car theft case wayanad