കണ്ണൂര്‍: പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ ചികിത്സയിലിരിക്കെ മരിച്ചു. ചിറ്റാരിക്കല്‍ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 19-നാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാടക കെട്ടിടത്തില്‍ ഇരുവരെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്.
19-ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തി വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടു പേരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു.
പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാര്‍ എതിര്‍പ്പറിയിച്ചതോടെയാണ് ആത്മഹത്യയ്ക്ക് മുതിര്‍ന്നത്. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു സംഭവം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: lovers attempted to suicide in payyannur died