തൃശ്ശൂർ: ഒരുമിച്ച് ജീവിക്കണം, അതിന് പണം വേണം. അതിനു വേണ്ടി മാല പൊട്ടിക്കാനിറങ്ങി- തൃശ്ശൂരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കമിതാക്കൾ പോലീസിനോട് പറഞ്ഞതാണിത്. ബൈക്കിൽ കറങ്ങി മാല പൊട്ടിക്കൽ പതിവാക്കിയ യുവാവിനെയും യുവതിയെയുമാണ് തൃശ്ശൂർ ചേർപ്പ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. താണിക്കുടം മാറ്റാമ്പുറം സ്വദേശി നിജിൽ(28), വില്ലടം നെല്ലിക്കാട് സ്വദേശി ജ്യോതിഷ(32) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പിടിയിലായതോടെ ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന മാല പൊട്ടിക്കൽ കേസുകളിൽ തുമ്പുണ്ടാവുകയും ചെയ്തു.

ചേർപ്പ് അമ്മാടത്തുനടന്ന മാല പൊട്ടിക്കൽ കേസിൽ നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. വവ്വാൽ എന്ന് വിളിക്കുന്ന നിജിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമ്മാടത്തുവെച്ച് ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന 65-കാരിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് പോലീസ് സംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിജിൽ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മാല കവരുന്നതിൽ കാമുകിയായ ജ്യോതിഷയ്ക്കും പങ്കുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പീച്ചി പോലീസുമായി ബന്ധപ്പെട്ട് യുവതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ലക്ഷ്യമിടുന്നത് ഒറ്റയ്ക്ക് പോകുന്ന വയോധികമാരെ...

കേബിൾ ജോലിക്കാരനായ നിജിൽ രാവിലെ ജോലിക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ബൈക്കുമായി ഇറങ്ങുന്നത്. ഇതിനിടയിൽ സാഹചര്യം ഒത്തുവന്നാൽ കവർച്ചയും നടത്തും. ഒറ്റയ്ക്ക് നടന്നുപോകുന്ന വയോധികമാരെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ചില സ്ഥലങ്ങളിലെ കവർച്ചയ്ക്ക് ജ്യോതിഷയും കൂട്ടിനുണ്ടായിരുന്നു. മാല പൊട്ടിച്ച് സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ട ശേഷം അന്നുതന്നെ ജൂവലറികളിൽ മാല വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതി. മിക്ക സമയത്തും ജ്യോതിഷയാണ് മാല വിൽക്കാൻ സഹായിച്ചിരുന്നത്. പീച്ചി, കണ്ണമ്പ്ര, തിരൂർ, മരോട്ടിച്ചാൽ, മണ്ണുത്തി, മുണ്ടത്തിക്കോട്, അമ്മാടം, വലക്കാവ് എന്നിവിടങ്ങളിലാണ് ഇവർ കവർച്ച നടത്തിയിട്ടുള്ളത്. ഏകദേശം 15 പവനിലേറെ സ്വർണം ഇരുവരും കവർന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഓഹരിവിപണിയിൽ നിക്ഷേപം, സ്വപ്നം കണ്ടത് ഒരുമിച്ചുള്ള ജീവിതം...

വിവാഹിതരായി കുടുംബത്തോടൊപ്പം ജീവിക്കുന്ന ഇരുവരും പ്രണയത്തിലായതിന് പിന്നാലെയാണ് മാല പൊട്ടിക്കലിലേക്ക് കടന്നത്. ഒരു പാട് പണം സമ്പാദിച്ച് ആരുമറിയാതെ ഒരുമിച്ച് മറ്റൊരു ജീവിതം തുടങ്ങാനായിരുന്നു പദ്ധതി. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ഇരട്ടി സമ്പാദിക്കാമെന്നായിരുന്നു കണക്കുക്കൂട്ടൽ. ഇതിനുവേണ്ടിയാണ് മാല പൊട്ടിക്കൽ ആരംഭിച്ചത്. ഓരോ തവണ മാല പൊട്ടിച്ച് കിട്ടുന്ന പണവും ഓഹരി വിപണിയിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്.

ഓഹരിവിപണിയിൽ തിരിച്ചടി നേരിടുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങും. എന്നെങ്കിലും സമ്പാദ്യം വർധിപ്പിച്ച് ലക്ഷപ്രഭുവായാൽ ഒരുമിച്ച് ജീവിക്കാമെന്നും ഇവർ സ്വപ്നം കണ്ടു. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച കവർച്ചാ പരമ്പരയ്ക്ക് കഴിഞ്ഞ ദിവസത്തോടെ പോലീസ് സംഘം പൂട്ടിടുകയായിരുന്നു. തങ്ങൾ തയ്യാറാക്കിയ പദ്ധതിയുടെ പാതിവഴിയിൽ പിടിക്കപ്പെട്ടപ്പോൾ ഏറെ നിരാശയുണ്ടെന്നായിരുന്നു പ്രതികൾ പോലീസിനോട് പറഞ്ഞത്.

തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്.ഐ. എം. മഹേഷ്കുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ടി.ജി. ദിലീപ് കുമാർ, എ.എസ്.ഐ. കെ.വിനോദ് സീനിയർ സി പി ഒ മാരായ കെ.ആർ.രതീഷ്മോൻ ഇ.എച്ച്. ആരിഫ്, സി.പി.ഒ.മാരായ കെ.ആർ ഗിരീഷ്, എസ്.ബിനുരാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Content Highlights:lovers arrested in cherppu thrissur for chain snatching series