രാജ്‌കോട്ട്: ഗുജറാത്തില്‍ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത് യുവതി. ഗാന്ധിധാം ഗണേശ്‌നഗര്‍ സ്വദേശി മായാബെന്‍ പര്‍മാര്‍ (24) ആണ് ജോലിചെയ്യുന്ന ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചത്. കാമുകനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് യുവതി ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 

ജൂലായ് അഞ്ചിന് വൈകിട്ടാണ് കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ തുണികള്‍ കൊണ്ടുപോകുന്ന ഉന്തുവണ്ടിക്കാണ് തീപ്പിടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജീവനക്കാര്‍ തീയണക്കുകയും വലിയ അപകടം ഒഴിവാക്കുകയുമായിരുന്നു. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ജീവനക്കാരിയായ മായാബെന്‍ ആണ് ലൈറ്റര്‍ ഉപയോഗിച്ച് ഉന്തുവണ്ടിയിലെ തുണികള്‍ക്ക് തീയിട്ടതെന്ന് കണ്ടെത്തി. ഇവരെ കമ്പനി അധികൃതര്‍ ചോദ്യംചെയ്തതോടെയാണ് പ്രതികാരത്തിന്റെ കഥ പുറത്തറിഞ്ഞത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഫാക്ടറിയിലെ ജീവനക്കാരനായ വിനോദുമായി യുവതി പ്രണയത്തിലായിരുന്നു. അടുത്തിടെ കമ്പനി അധികൃതര്‍ വിനോദിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിന്റെ പ്രതികാരമായിട്ടാണ് ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. കമ്പനി ജനറല്‍ മാനേജറുടെ പരാതിയില്‍ യുവതിക്കെതിരേ വിവിധ വകുപ്പുകള്‍പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Content Highlights: lover sacked from job woman tries to set fire cloth factory in gujarat