പട്‌ന: ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ മുന്‍കാമുകിയുടെ ആക്രമണത്തില്‍ നവവധുവിന് ഗുരുതര പരിക്ക്. ബിഹാറിലെ നളന്ദ ജില്ലയിലെ മോറാതാബ് സ്വദേശി ഗോപാല്‍റാമിന്റെ ഭാര്യയാണ് ദാമ്പത്യജീവിതത്തിന്റെ ആദ്യദിവസം തന്നെ അതിക്രൂരമായ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ബിഹാര്‍ ഷരീഫിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗോപാല്‍ റാമിന്റെ കാമുകിയായിരുന്ന യുവതിയാണ് നവവധുവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ആദ്യരാത്രിയില്‍ നവവധുവിന്റെ മുടി മുറിച്ചെടുത്ത യുവതി കണ്ണുകളില്‍ ഫെവിക്വിക്ക് പശ ഒഴിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ ബന്ധുക്കള്‍ യുവതിയെ പിടിച്ചുവെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പോലീസിന് കൈമാറിയത്. 

സഹോദരിയുടെ സുഹൃത്ത് കൂടിയായ യുവതിയുമായി ഗോപാല്‍റാം നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം വേണ്ടെന്നുവെച്ച് ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നാം തീയതി ശേഖ്പുര ജില്ലയിലെ വധൂഗൃഹത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം നവദമ്പതിമാരും ബന്ധുക്കളും വീട്ടില്‍ തിരിച്ചെത്തി. ഈ സമയം മുന്‍കാമുകിയായ യുവതിയും വീട്ടിലുണ്ടായിരുന്നു. സഹോദിയുടെ സുഹൃത്തായതിനാല്‍ അന്നേദിവസം രാത്രി യുവതി ഗോപാല്‍റാമിന്റെ വീട്ടില്‍തന്നെ താമസിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും ഉറങ്ങിയപ്പോഴാണ് ഗോപാല്‍റാമിന്റെ മുറിയില്‍ കയറി നവവധുവിനെ ആക്രമിച്ചത്. 

നവവധുവിന്റെ മുടിമുറിച്ചെടുത്ത യുവതി കൈയില്‍ കരുതിയിരുന്ന ഫെവിക്വിക്ക് പശ കണ്ണുകളില്‍ ഒഴിക്കുകയായിരുന്നു. അതിഗുരുതരമായി പരിക്കേറ്റ നവവധുവിനെ ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയില്‍ തുടരുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കാഴ്ചശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. 

Content Highlights: lover married another woman bihar girl attacked bride in bihar