കാന്‍പൂര്‍: ഭര്‍തൃമതിയായ യുവതിയെയും മൂന്ന് പെണ്‍മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസുകാരിയുടെ കാമുകന്‍ അണ്ണാ എന്നയാളും ഇയാളുടെ സഹായിയുമാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകം നടന്ന് 24 മണിക്കൂറിനകമാണ് ഉത്തര്‍പ്രദേശിലെ ഇറ്റാവ പോലീസ് പ്രതികളെ പിടികൂടിയത്. 

ഇറ്റാവ സിവില്‍ലൈനിലെ കാന്‍ഷിറാം കോളനിയില്‍ താമസിക്കുന്ന 30-കാരിയെയും ഇവരുടെ മൂന്നും നാലും ഏഴും വയസുള്ള പെണ്‍മക്കളെയുമാണ് കഴിഞ്ഞദിവസം വൈകീട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം വീട്ടിനുള്ളിലും പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ റോഡരികിലുമായിരുന്നു. സമീപവാസികളായ നാട്ടുകാരാണ് റോഡരികില്‍ കിടന്നിരുന്ന കുട്ടികളുടെ മൃതദേഹങ്ങള്‍ ആദ്യംകണ്ടത്.

ജീവനുണ്ടായിരുന്ന ഏഴു വയസുകാരിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ അമ്മയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പെയിന്റിങ് ജോലിക്കാരനായ യുവതിയുടെ ഭര്‍ത്താവ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. 

അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ഇടാവ ലോക്കല്‍ പോലീസ് ദ്രുതഗതിയിലാണ് അന്വേഷണം നടത്തിയത്. സംശയമുള്ളവരെയെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതില്‍നിന്നാണ് യുവതിയുടെ കാമുകനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൂട്ടക്കൊലയുടെ ചുരുളഴിയുകയായിരുന്നു. കാമുകി തന്നെ വഞ്ചിച്ചതിനാല്‍ കൊലപാതകം നടത്തിയെന്നാണ് മുഖ്യപ്രതി പോലീസിനോട് പറഞ്ഞത്. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തി. വാതില്‍ അടച്ചിരുന്നില്ല. തുടര്‍ന്ന് വീട്ടിനകത്ത് അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്തി. ഇതിനിടെ യുവതി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൂന്നു പെണ്‍കുട്ടികളെയും വീട്ടില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്. 

murder

സംഭവത്തില്‍ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് പോലീസിന്റെ മിടുക്കാണെന്ന് കാന്‍പൂര്‍ ഐ.ജി അലോക് സിങ് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ വ്യക്തമാകുമെന്നും, സമീപവാസികളാരും സംഭവത്തെക്കുറിച്ച് അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.