കോതമംഗലം: നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി വില്പനക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടി. തലക്കോട് തടി ഡിപ്പോ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ലിസി പ്രദീപാണ് തട്ടിപ്പിന് ഇരയായത്. നടന്ന് ലോട്ടറി വില്‍ക്കുന്ന ലിസി വെള്ളിയാഴ്ച രാവിലെ ഊന്നുകല്‍ വെള്ളമാകുത്ത് ഭാഗത്തു െവച്ചാണ് കബളിപ്പിക്കപ്പെട്ടത്.

ബൈക്കിലെത്തിയ യുവാവ് രണ്ടായിരം രൂപയുടെ സമ്മാനാര്‍ഹമായ മൂന്ന് ലോട്ടറികളാണ് ലിസിയെ ഏല്‍പ്പിച്ചത്. മൂവായിരം രൂപയും 40 രൂപയുടെ നാല്പത് ലോട്ടറിയും വാങ്ങി. ബാക്കി തുക പിന്നീട് മതിയെന്നും പറഞ്ഞ് യുവാവ് കടന്നുകളഞ്ഞു.

മറ്റൊരു നമ്പര്‍ തിരുത്തി സമ്മാനാര്‍ഹമായ നമ്പരാക്കിയതാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. 4600 രൂപയാണ് ലിസിക്ക് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഊന്നുകല്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. സമീപത്തെ വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

ബുധനാഴ്ച നറുക്കെടുപ്പ് നടത്തിയ അക്ഷയ ടിക്കറ്റാണ് തട്ടിപ്പിന് ഉപയോഗിച്ചത്. 3884-ല്‍ അവസാനിക്കുന്ന ടിക്കറ്റിനായിരുന്നു 2000 രൂപ സമ്മാനം. 8884 എന്ന നമ്പരിലെ ആദ്യത്തെ എട്ട് തിരുത്തി മൂന്നാക്കിയാണ് ലിസിയെ പറ്റിച്ചത്. മുമ്പ് ഇവരുടെ അടുത്തുനിന്ന് തട്ടിപ്പ് നടത്തിയ യുവാവ് ലോട്ടറി വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പ് തങ്കളത്ത് ലോട്ടറി വില്പനക്കാരന് സമ്മാനാര്‍ഹമായ ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കി പണവും ലോട്ടറിയും തട്ടിയെടുത്തിരുന്നു.

Content Highlights: lottery ticket fraud