കറുകച്ചാല്‍: ലോട്ടറിവില്‍പ്പനക്കാരനെ ആക്രമിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തശേഷം പാസ്റ്ററായി ഒളിവില്‍ കഴിഞ്ഞ യുവാവിനെ പോലീസ് പിടികൂടി. വടവാതൂര്‍ വിജയപുരം ചിക്കളത്ത് വീട്ടില്‍ ഷെറിന്‍ സി.ജോസഫ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ലോട്ടറി വില്‍പ്പനക്കാരനായ നെടുംകുന്നം മോജിന്‍ഭവനില്‍ മോഹനനെ (50) നെടുംകുന്നം ഗവ.സ്‌കൂളിന് സമീപം ഷെറിനും സുഹൃത്തും ആക്രമിച്ചശേഷം പണവും ടിക്കറ്റുകളുമടങ്ങിയ ബാഗുമായി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

ഇയാളുടെ സുഹൃത്തിനെ അയര്‍ക്കുന്നത്തുനിന്ന് പോലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് ഷെറിന്‍ വിവിധ സ്ഥലങ്ങളായി ഒളിവില്‍ താമസിക്കുകയായിരുന്നു.

ഏതാനും നാളുകളായി തിരുവല്ല കേന്ദ്രീകരിച്ച് വേഷംമാറി ഇയാള്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച ഇയാളെ കറുകച്ചാല്‍ പോലീസ് തിരുവല്ലയില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷെറിനെ റിമാന്‍ഡ് ചെയ്തു.

Content Highlights: lottery seller attacked in karukachal accused arrested