കലവൂര്‍: മോഷ്ടിച്ചുകൊണ്ടുപോയ ലോറി വഴിയിലുപേക്ഷിച്ച് മറ്റൊരു ലോറിയുമായി കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. മണ്ണഞ്ചേരി കുന്നിനകം കോളനി ബാബുരാജ് (ബാബുകുട്ടന്‍-38) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കലവൂര്‍ ചെറുപുഷ്പത്തില്‍ ത്രേസ്യാമ്മയുടെ ലോറി മോഷ്ടിച്ചുകടന്നിരുന്നു. ഈ ലോറി വടക്കന്‍പറവൂരില്‍ ഉപേക്ഷിച്ച് കോച്ചാലിലെ ഒരു ഗോഡൗണില്‍നിന്ന് മറ്റൊരു ലോറിയും മോഷ്ടിച്ചു കടക്കുന്നതിനിടെ വരാപ്പുഴ പോലീസ് പിടികൂടുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന ജി.പി.എസ്. സംവിധാനമാണ് ബാബുക്കുട്ടനെ കുടുക്കിയത്.ഇതിനുമുന്‍പും ഇയാള്‍ മോഷണക്കേസില്‍ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ ബാബുക്കുട്ടനെ റിമാന്‍ഡുചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസിന് വടക്കന്‍ പറവൂരില്‍നിന്ന് ലോറി ലഭിച്ചത്.

മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ബൈജു, സി.പി.ഒ.മാരായ ഷാനവാസ്, വിപിന്‍ദാസ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.