കണ്ണൂര്‍: പാലക്കാട് സ്വദേശിയായ തൊഴിലാളിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെപോയ ലോറി തലപ്പാടിയില്‍ കണ്ടെത്തി. കഴിഞ്ഞമാസം 23-ന് കാല്‍ടെക്സ് വൈദ്യുതിഭവനടുത്താണ് പാലക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാഹനമിടിച്ചാണ് മരിച്ചതെന്ന് ബോധ്യപ്പെട്ടിരുന്നെങ്കിലും വാഹനം കണ്ടെത്താനായില്ല. ടൗണ്‍ സി.ഐ. ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹരിയാണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണിടിച്ചതെന്നു കണ്ടെത്തിയത്. 

ഉണ്ണികൃഷ്ണനെ ഇടിച്ചിട്ടതിന്റെ അടുത്തായി ലോറിയുടെ ബംപറിന്റെ ഒരു കഷ്ണം കണ്ടെത്തിയിരുന്നു. ഇതാണ് ലോറി കണ്ടെത്താന്‍ സഹായകമായത്. ചെക് പോസ്റ്റുകളിലെയും മറ്റും സി.സി.ടി.വി. പരിശോധിച്ചിരുന്നു. ബമ്പര്‍ പൊട്ടിയ ലോറിയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടത്തിയത്. നൂറുകണക്കിന് വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. 

തലപ്പാടിയിലെ ടോള്‍ബൂത്തില്‍ സ്ഥാപിച്ച സി.സി.ടി.വി.യിലാണ് അപകമുണ്ടാക്കിയ ലോറിയുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഹരിയാണ സ്വദേശിയായ മുഹമ്മദേ ഹുസൈനാണ് ഉടമയെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരില്‍ പൂന്തോട്ടജോലി ചെയ്യുന്നയാളാണ് മരിച്ച ഉണ്ണികൃഷ്ണന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഉണ്ണികൃഷ്ണന്റെ ഫോണില്‍നിന്ന് അവസാനം വിളിച്ചയാളുടെ നമ്പറില്‍ പോലീസ് ബന്ധപ്പെട്ടാണ് ആളെ തിരിച്ചറിഞ്ഞത്.

Content highlights: Kannur, CCTV, Crime news, Police, Lorry hits man, Kaltex