കോട്ടയം: ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കുന്നയാളെ പോലീസ് പിടികൂടി. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിവന്ന കൊല്ലം മുക്കോട് മുളവന പരുത്തന്‍പാറ കിഴക്കേമുകളില്‍ രാജീവിനെ (38) യാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് കോട്ടയം നഗരത്തിലെത്തിയ ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ലക്ഷ്മി (70)യുടെ മാല തട്ടിയെടുത്തു.

വാഗമണ്ണിലുള്ള മകളുടെ വീട്ടില്‍ പോകാന്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെത്തിയ പത്തനംതിട്ട സ്വദേശിനി പദ്മകുമാരിയുടെ മാല, ചങ്ങനാശ്ശേരി നഗരത്തിലെത്തി വീട്ടമ്മയുടെ വള എന്നിവ പ്രതി തട്ടിയെടുത്തു. സമാനരീതിയില്‍ മുപ്പതിലേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ബാങ്കുകള്‍ക്ക് മുന്നില്‍ എ.ടി.എം. കാര്‍ഡുമായി കാത്തുനിന്ന് വയോധികരുടെ പണം തട്ടിയതിനും ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. കോട്ടയം നഗരത്തിലെ തട്ടിപ്പ് പരമ്പരയെത്തുടര്‍ന്ന് ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം സ്വദേശിയുടെ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രായമായ സ്ത്രീകളുമായി അടുത്തുകൂടിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ലോട്ടറി അടിച്ചതായി വിശ്വസിപ്പിക്കുകയും തുടര്‍ന്ന് മാലയിലെ 916 അടയാളം കാട്ടിയാല്‍ പണം ലഭിക്കുമെന്നും പറഞ്ഞ് ആഭരണങ്ങള്‍ ഊരിവാങ്ങുകയാണ് രീതി.

കോട്ടയം വെസ്റ്റ് എസ്.ഐ. ടി.ശ്രീജിത്ത്, സി.പി.ഒമാരായ സജീവ്, സെബാസ്റ്റ്യന്‍, ഗ്രേസ് മത്തായി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: looting ornaments from women man arrested in kottayam