കൊച്ചി: സി.ബി.ഐ. ചമഞ്ഞ് വ്യവസായിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി ലീന മരിയ പോളിനെതിരേ ലുക്കൗട്ട് നോട്ടീസ്. ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന കേസിലാണിത്. ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിട്ടും എത്താത്തതോടെയാണ് നടപടി. സമാനമായ പണംതട്ടിപ്പു കേസുകളിൽ നേരത്തേ ലീനയും ഭർത്താവ് സുകേശും അറസ്റ്റിലായിട്ടുണ്ട്.

സി.ബി.ഐ.യുടെ കേസിൽ പ്രതിയായ സാംബശിവ റാവുവിനെയാണ് ലീനയും കൂട്ടാളികളും കബളിപ്പിച്ചത്. കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ലീനയുടെ ജീവനക്കാരൻ അർച്ചിതിന്റെ സഹായത്തോടെയായിരുന്നു ഇത്. സി.ബി.ഐ. ഓഫീസർമാരാണെന്ന വ്യാജേന റാവുവിനെ സമീപിച്ച് ഇവർ കോടികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അർച്ചിതിനുപുറമേ ഹൈദരാബാദ് സ്വദേശി മണിവർണൻ റെഡ്ഡി, മധുര സ്വദേശി സെൽവം രാമരാജ് എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ലീനയുടെ പങ്കുപുറത്തായത്.

സി.ബി.ഐ.യുടെ ഡൽഹി ഓഫീസിലെ ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികൾ ഫോൺ ദുരുപയോഗം ചെയ്തുവെന്ന് സി.ബി.ഐ. കണ്ടെത്തി. ഫോൺ രേഖകൾ ഉൾപ്പെടെ തെളിവുകൾ സി.ബി.ഐ.ക്കു ലഭിച്ചിരുന്നു.

content highlights; lookout notice against actress leena maria paul