പൂക്കോട്ടുംപാടം(മലപ്പുറം): സ്റ്റഡി മോജോ മോറിസ് കോയിൻ ഇൻവെസ്റ്റ്മെന്റ് പ്ലാൻ 300 എന്ന മണിചെയിൻ പണമിടപാടുമായി ബന്ധപ്പെട്ട് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് മൾട്ടിനാഷണൽ കമ്പനി എം.ഡിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി.

പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കിളിയിടുക്കിലിന്റെ വീട്ടിലാണ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നിഷാദിന്റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സ്വത്തുക്കൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാർ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യംചെയ്ത് നിയമാനുസൃതരേഖയോ ആധികാരികതയോ ഇല്ലാതെ ഗൾഫിലും മുംബൈയിലും തമിഴ്നാട്ടിലും ബെംഗളൂരുവിലും കമ്പനികളുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിക്കുകയാണിവർ ചെയ്യുന്നതെന്നും പോലീസ് പറയുന്നു.

ഇന്ത്യയിൽ ഇത്തരത്തിൽ ബിസിനസ് നടത്തണമെങ്കിൽ ഏതെങ്കിലും ഉത്‌പന്നങ്ങളുടെ പേരിലേ സാധിക്കൂ. അതിനാൽ കമ്പനി സ്റ്റഡി മോജോ ഇ ലേണിങ് ആപ്ലിക്കേഷൻ എന്ന ഉത്‌പന്നമാണ് പരിചയപ്പെടുത്തുന്നത്. 2020 ഫെബ്രുവരി 18-ന് സ്റ്റഡി മോജോ ഉത്‌പന്നം വിപണിയിലിറങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഉത്‌പന്നം ആർക്കും ലഭിച്ചതായി വിവരമില്ലെന്നും പോലീസ് പറയുന്നു. പുതിയതായി മോറിസ് കോയിൻ എന്ന പദ്ധതി തുടങ്ങിയതായുള്ള പരസ്യവും കമ്പനി ഇറക്കിയിട്ടുണ്ട്. നിലവിൽ പണം നിക്ഷേപിച്ചവർക്കുമുഴുവൻ ലാഭവിഹിതമായി നല്ലൊരു തുക ലഭിക്കുന്നതുകൊണ്ട് ഈ ആളുകളെ ഉപയോഗിച്ച് പ്രചാരണം നടത്തുകവഴി കമ്പനിയുടെ ബിസിനസിൽ ജില്ലയുടെ അകത്തും പുറത്തും ധാരാളം ആളുകൾ പണം നിക്ഷേപിച്ചുകൊണ്ടിരിക്കയാണന്നും ഇൻസ്പെക്ടർ പി. വിഷ്ണു പറഞ്ഞു.

ഒളിവിൽക്കഴിയുന്ന നിഷാദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും ശ്രമംനടത്തുന്നുണ്ട്. പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് ആയോടൻ, എ.എസ്.ഐ വി.കെ. പ്രദീപ്, എസ്.സി.പി.ഒ എ. ജാഫർ, സി.പി.ഒമാരായ എം.എസ്. അനീഷ്, ടി. നിബിൻദാസ്, ഇ.ജി. പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Content Highlights:long rich global study mojo moris coin money chain fraud case