കുന്നംകുളം(തൃശ്ശൂര്‍): പെലക്കാട്ടുപയ്യൂരില്‍ കിണര്‍ വറ്റിച്ചപ്പോള്‍ ലഭിച്ച ലോക്കറില്‍ നിരോധിച്ച ആയിരം രൂപയുടെ നോട്ടുകള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറില്‍ ചെളി നീക്കംചെയ്യാന്‍ വെള്ളം വറ്റിച്ചപ്പോഴാണ് ലോക്കര്‍ ലഭിച്ചത്.

കുന്നംകുളം പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ലോക്കര്‍ കരയിലേക്ക് കയറ്റി. പൂട്ടിയ നിലയിലുള്ള ലോക്കറിന്റെ പൂട്ട് പൊളിച്ച് പരിശോധിച്ചപ്പോഴാണ് ആയിരം രൂപയുടെ നോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. വെള്ളം കയറി നശിച്ച നിലയിലായിരുന്നു. ലോക്കര്‍ ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല.

മോഷ്ടിച്ച് കൊണ്ടുവന്നിട്ടതാണോയെന്ന സംശയത്തിലാണ് പോലീസ്. എസ്.എച്ച്.ഒ. കെ.ജി. സുരേഷ്, എ.എസ്.ഐ. പ്രേംജിത്ത്, സി.പി.ഒ.മാരായ സുമേഷ്, മെല്‍വിന്‍, ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights: locker found in a well in kunnamkulam