ഒറ്റപ്പാലം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 27 പേര്‍ക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. ഒറ്റപ്പാലം വരോട് ചുനങ്ങാട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയ ഒമ്പത് സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ 18 പുരുഷന്‍മാരെ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷമാണ് ജാമ്യത്തില്‍വിട്ടത്.

വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ക്ഷേത്രത്തില്‍ ഉത്സവദിനമായിരുന്ന വെള്ളിയാഴ്ച ഭക്തരെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും എ.എസ്.പി. സ്വപ്നില്‍ എം. മഹാജന്റെയും നടത്തിയ പരിശോധനയിലാണ് ഇത്രയുംപേര്‍ എത്തിയതായി കണ്ടത്തിയത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത്രയും പേര്‍ ഒത്തുകൂടിയത്. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ് കേസ്.

27 പേര്‍ക്ക് പുറമെ അഞ്ച് കുട്ടികളും ക്ഷേത്രത്തില്‍ എത്തിയിരുന്നതായി പോലീസ് പറയുന്നു. ഇവിടെനിന്ന് ഒരു ഓട്ടോറിക്ഷയുള്‍പ്പെടെ എട്ട് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ ലോക്ഡൗണ്‍ കഴിഞ്ഞശേഷമേ വാഹനങ്ങള്‍ വിട്ടുനല്‍കൂവെന്നും പോലീസ് അറിയിച്ചു.

ഭക്തര്‍ ക്ഷേത്രത്തിലെത്തിയതില്‍ പങ്കില്ലെന്ന് ക്ഷേത്രഭരണസമിതി

ഒറ്റപ്പാലം: വരോട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രത്തില്‍ ഭക്തര്‍ കൂട്ടത്തോടെ തൊഴാനെത്തി പോലീസ് അറസ്റ്റുചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഭരണസമിതി.

താലപ്പൊലി ദിവസമായതിനാല്‍ ക്ഷേത്രത്തിന് പുറത്തുനിന്ന് തൊഴാനെത്തിയ പ്രദേശവാസികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും ഇതില്‍ ക്ഷേത്ര ഭരണസമിതിക്ക് പങ്കില്ലെന്നും ക്ഷേത്രം മാനേജര്‍ വി. പ്രസാദ് അറിയിച്ചു. ലോക്ഡൗണായ പ്രത്യേക സാഹചര്യത്തില്‍ താലപ്പൊലി ആഘോഷ പരിപാടികളും കൊടിയേറ്റവുംവരെ മാറ്റിവെച്ചിരുന്നു. അനുവാദമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. താലപ്പൊലി ദിവസമായതിനാല്‍ തൊഴാനെത്തിയ പരിസരവാസികളെ ക്ഷേത്രത്തിന് പുറത്തുവെച്ചാണ് അറസ്റ്റ് ചെയ്തതെന്നും ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: lockdown violation; police booked case against 27 in ottappalam