കാക്കനാട്: ലോക്ഡൗണിൽ ഓരോരോ കാരണങ്ങൾ കണ്ടെത്തി ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെ അവരെ 'പൂട്ടി' പോലീസ്. ഇല്ലാത്ത കാരണങ്ങളുണ്ടാക്കി പുറത്തിറങ്ങിയവരുടെയെല്ലാം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.

'ആശുപത്രിയിലേക്ക്' എന്നു പറഞ്ഞ് എത്തിയ യുവാക്കളെ പരിശോധിച്ചപ്പോൾ ബൈക്കിൽ നിന്ന് ലഭിച്ചത് ചൂണ്ട. പുഴയിൽ ചൂണ്ടയിടാൻ പോകുന്നതിന് സുഹൃത്തുക്കൾ കണ്ടെത്തിയ വഴിയായിരുന്നു 'ആശുപത്രിക്കേസ്'.

ബന്ധുവീട്ടിലേക്ക് പോകുന്ന കുടുംബവും പറഞ്ഞത് 'ആശുപത്രിയിലേക്ക്' എന്നുതന്നെ. ബോധിപ്പിക്കാൻ പഴയ മരുന്നു കുറിപ്പടിയുമായി വരുന്നവരും ഒട്ടേറെയുണ്ടെന്ന് പോലീസ്.

50-ഓളം ഇരുചക്ര വാഹനങ്ങളാണ് ഇപ്പോൾ സ്റ്റേഷനിലുള്ളത്. ഇനി ലോക്ഡൗൺ കഴിഞ്ഞ ശേഷമേ വാഹനം വിട്ടുകൊടുക്കൂ എന്ന് തൃക്കാക്കര സി.ഐ കെ. ധനപാലൻ പറഞ്ഞു.കാക്കനാട് ജങ്ഷൻ, ഐ.എം.ജി. ജങ്ഷൻ, ഓലിമുകൾ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കൂടാതെ, ഇൻഫോപാർക്ക് സ്റ്റേഷനിലെ പോലീസ് സ്മാർട്ട് സിറ്റി പ്രദേശത്തും പരിശോധിക്കുന്നുണ്ട്. പോലീസ് പരിശോധനയ്ക്ക് സഹായിക്കാൻ വൊളന്റിയർമാരുമുണ്ട്.

Content Highlights: lockdown police inspection in eranakulam