മലപ്പുറം: വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ ട്രാഫിക് എസ്.ഐ.  പിടിച്ചുവാങ്ങിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ. ഇന്ദുറാണിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എസ്.ഐയെ നാട്ടുകാര്‍ ചോദ്യംചെയ്യുന്ന വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്.ഐ. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഭാര്യ ഗര്‍ഭിണിയാണെന്നും ഫോണിലേക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്.ഐ. കേട്ടില്ലെന്നും വീഡിയോയില്‍ പറയുന്നു. 

പിഴ അടക്കാമെന്ന് പറഞ്ഞിട്ടും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും മലപ്പുറം ചെമ്മങ്കടവ് വില്ലേജ് ഓഫീസിന് സമീപമാണ് ഈ സംഭവമുണ്ടായതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഒടുവില്‍ പിഴ അടക്കാന്‍ എസ്.ഐ. പറയുമ്പോള്‍ പിഴ കോടതിയില്‍ അടച്ചോളാമെന്ന് മറുപടി നല്‍കുന്നതും പിഴ അടച്ചില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നാട്ടുകാര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

Content Highlights: locals protest against malappuram traffic si for snatching mobile phone from two wheeler rider