പാലാ: ബാങ്ക് ശാഖയില്‍നിന്ന് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. പൂവരണി വിളക്കുമാടം തറപ്പേല്‍ മനോജ് (46) ആണ് പിടിയിലായത്. മറ്റൊരു കേസില്‍ കാക്കനാട്ട് സബ് ജയിലില്‍ കഴിയവേയാണ് പാലാ പോലീസ് അറസ്റ്റുചെയ്തത്.

കേസില്‍ ഇതുവരെ അഞ്ചു പേര്‍ പിടിയിലായി. വ്യാജമായി നിര്‍മിച്ച കരമടച്ച രസീതുകളും കൈവശാനുഭവ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും ഹാജരാക്കി ഭരണങ്ങാനം എസ്.ബി.ഐ. ശാഖയില്‍നിന്ന് വായ്പ തട്ടിയെടുത്തെന്നാണ് കേസ്. വായ്പയ്ക്കായി നല്‍കിയിരുന്ന രേഖകള്‍, ബാങ്കില്‍ പുതുതായി ജോലിക്കെത്തിയ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.

മനോജിന്റെ ഭാര്യ വിളക്കുമാടം തറപ്പേല്‍ ആനി ജോസഫ് (40), പോണാട് കുര്യാലപ്പുഴ സിബി (52), മേലുകാവ് പുരയിടത്തില്‍ െജയ്സണ്‍ (50), കൊല്ലപ്പള്ളി സ്വദേശിനി മണിക്കുട്ടി എന്നിവരെ പാലാ ഡിവൈ.എസ്.പി. ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

2015-ല്‍ യഥാര്‍ത്ഥ രേഖകള്‍ നല്‍കി ഭവനവായ്പ എടുത്ത് കൃത്യമായി തിരിച്ചടച്ച് വിശ്വാസ്യത നേടിയ ശേഷമാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. സമീപത്തെ രണ്ട് വില്ലേജോഫീസുകളുടെ പേരിലുണ്ടാക്കിയ വ്യാജ രേഖകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. പ്രതിയെ ഭരണങ്ങാനത്തെത്തിച്ച് തെളിവെടുത്തു.

Content Highlights: loan fraud case; main accused arrested in palai