നെടുങ്കണ്ടം: വിഷുദിനത്തില്‍ നെടുങ്കണ്ടം സാക്ഷരതാമിഷന്‍ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ ചെരുവിള പുത്തന്‍വീട്ടില്‍ പ്രവീണ്‍ (20), കുന്നേല്‍ അഭിജിത്ത് (19), ചിറയ്ക്കല്‍ പ്രണവ് (21), ഒരു പതിനേഴ് വയസ്സുകാരന്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ സാക്ഷരതാ മിഷന്‍ ഓഫീസിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

വിഷുദിനത്തില്‍ രാത്രിയാണ് സാക്ഷരതാ മിഷന്‍ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. പ്രധാന ഓഫീസിന്റെയും ക്ലാസ് നടക്കുന്ന ഓഫീസിന്റെയും ജനലുകളാണ് തകര്‍ത്തത്. കെട്ടിടത്തിന്റെ പടിയില്‍ ചോര കട്ടപിടിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രാത്രിയെത്തിയ സംഘം സാക്ഷരതാ മിഷന്റെ മുന്‍വശത്തിരുന്ന് ഭക്ഷണവും മദ്യവും കഴിച്ചശേഷമാണ് അതിക്രമം നടത്തിയത്. ശബ്ദംകേട്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് നെടുങ്കണ്ടം പോലീസും പ്രദേശവാസികളും എത്തിയതോടെ സംഘം ഇരുചക്രവാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഇവിടെനിന്നു പോലീസ് പിടിച്ചെടുത്ത ഇരുചക്രവാഹനങ്ങളുടെ ആര്‍.സി.ബുക്ക് പരിശോധിച്ചതില്‍നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. നെടുങ്കണ്ടത്തുനിന്നാണ് ഇവരെ പിടികൂടിയത്. സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എസ്.ഐമാരായ എ.കെ.സുധീര്‍, ചാക്കോ, അബ്ദുള്‍ റസാഖ്, സി.പി.ഓമാരായ പ്രജിന്‍സ്, സലിം, ഗ്രേസണ്‍ ആന്റണി, അഭിലാഷ്, സജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കി.