കണ്ണൂർ: ലോക്ഡൗണിൽ മദ്യഷാപ്പുകൾ അടച്ച കേരളത്തിലേക്ക് തീവണ്ടി വഴി മദ്യകടത്ത്. മേയിൽ മാത്രം ആയിരത്തോളം ലിറ്റർ മദ്യം റെയിൽവേ സുരക്ഷാസേന പിടിച്ചു. റോഡ് മാർഗം കോവിഡ് പരിശോധനയും രജിസ്ട്രേഷനും കടുപ്പിച്ചതോടെയാണ് തീവണ്ടിവഴിയുള്ള കടത്ത് ഏറിയത്.

നിലവിൽ നേത്രാവതി, മംഗള തീവണ്ടികളാണ് കൊങ്കണിലൂടെ അതിർത്തി കടന്നെത്തുന്നത്. ഈ വണ്ടികളിൽനിന്ന് പിടിച്ചതിൽ കൂടുതലും ഗോവൻ നിർമിത വിദേശമദ്യമാണ്. സ്ലീപ്പർ, എ.സി. കോച്ചുകളിൽ സീറ്റിനടിയിലും കക്കൂസിലും ഒളിച്ചുവെച്ചാണ് കടത്തുന്നത്. പോലീസിന്റെ കണ്ണിൽ പെട്ടില്ലെങ്കിൽ ദൂരെ മാറിയിരിക്കുന്ന യാത്രക്കാരൻ മദ്യബാഗ് സുരക്ഷിതമായി സ്റ്റേഷനിൽ ഇറക്കും. 350 രൂപയുടെ കുപ്പി 1200 രൂപയ്ക്ക് വിൽക്കും. പറഞ്ഞുറപ്പിക്കുന്നതിനാൽ അഞ്ചുമിനിറ്റിനുള്ളിൽ കച്ചവടം തീരും.

ഒരാഴ്ചയ്ക്കുള്ളിൽ കണ്ണൂർ, വടകര, തലശ്ശേരി ഭാഗത്തെ പരിശോധനയിൽ തീവണ്ടിയിൽനിന്ന് 500-ഓളം കുപ്പി മദ്യം പിടിച്ചിരുന്നു.

ഞായറാഴ്ച നേത്രാവതി എക്സപ്രസിൽനിന്ന് 75 കുപ്പി ഗോവൻ നിർമിത വിദേശമദ്യം പിടിച്ചു. ആർ.പി.എഫ്. എ.എസ്.ഐ.മാരായ കെ. സാജു, ശ്രീലേഷ്, കോൺസ്റ്റബിൾമാരായ പി.പി. അബ്ദുൾ സത്താർ, ഒ.കെ. അജീഷ്, സുനിൽ എന്നിവരടങ്ങിയസംഘം ഇത് തലശ്ശേരിയിൽ കൈമാറി.

ഞായറാഴ്ച പുലർച്ചെ കാസർകോട്ടുവെച്ച് മംഗള എക്സ്പ്രസിൽനിന്ന് 34 കുപ്പി മദ്യവും ശനിയാഴ്ച വടകരയിൽവെച്ച് മംഗള എക്സ്പ്രസിൽനിന്ന് 124 കുപ്പി മദ്യവും പിടിച്ചു. രണ്ടുദിവസം മുമ്പ് കണ്ണൂരിൽനിന്ന് 101 കുപ്പിയാണ് പിടിച്ചത്.

മേയ് മാസത്തിൽ മാത്രം 634 കുപ്പി മദ്യം പിടിച്ചു. 220 ലിറ്ററിലധികം വരും ഇത്. 20, 21 തീയതികളിൽ 200 കുപ്പി പിടിച്ചു. ആർ.പി.എഫ്. ഇൻസ്പെക്ടർ മനോജ്കുമാർ, എസ്.ഐ. എൻ.കെ. ശശി, എ.എസ്.ഐ. ഷാജു തോമസ് എന്നിവരടങ്ങിയ സഘമാണ് പിടിച്ചത്.