വിഴിഞ്ഞം: തമിഴ്നാട്ടിൽനിന്നു കടൽവഴി വിദേശമദ്യം കടത്തിക്കൊണ്ടുവന്നയാളെ പോലീസ് പിടികൂടി. വിഴിഞ്ഞം പഴയപള്ളിക്കു സമീപം തുപ്പാശിക്കുടിയിൽ പുരയിടത്തിൽ എഡ്വി(39)നെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 250 കുപ്പി വിദേശമദ്യം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ ബലറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.

തമിഴ്നാട് പുതുക്കടയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യംവാങ്ങി അമിതവിലയ്ക്ക് വിൽക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് മദ്യം കടൽവഴി കടത്തുന്നുവെന്ന വിവരം വിഴിഞ്ഞം ഇടവകയാണ് പോലീസിന് കൈമാറിയത്.

ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ മദ്യം സുലഭമായി കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കടൽവഴി മദ്യം കടത്തുന്നുവെന്ന വിവരം പുറത്തായത്.

പിടിയിലായ എഡ്വിൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ. ജി.രമേഷ്, എസ്.ഐ.മാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി, മോഹനൻ, അലോഷ്യസ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.