ആലുവ: ആലുവയിൽ ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിൽ ആലുവ എടത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പരാതി നൽകി നാലു മാസമായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപത്തെത്തുടർന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗം കെ. നസീർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആലുവ എടത്തല പോലീസ് കേസെടുത്തത്.

ഭർത്താവിന്റെ സഹോദരിക്കെതിരേയാണ് കുട്ടിയുടെ മാതാവ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്. ബാലനീതി നിയമത്തിലെ 77-ാം വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴു വർഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണിത്. കുട്ടിക്ക് മദ്യം കൊടുത്ത കേസിൽ മൊഴിയെടുക്കാൻ എത്തിയ ആലുവ എടത്തല പോലീസ് മുൻപ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വീണ്ടും ചോദ്യം ചെയ്തുവെന്ന് കാണിച്ച് കുട്ടിയുടെ അമ്മ കമ്മിഷന് പുതിയ പരാതി നൽകി. പോക്സോ കേസന്വേഷണ ചുമതലയിൽനിന്ന് എടത്തല പോലീസിനെ റൂറൽ എസ്.പി. ഒഴിവാക്കിയിരുന്നു.

ആലുവ വനിത എസ്.ഐ.ക്കാണ് പോക്സോ കേസിന്റെ ചുമതല. കുട്ടിയെ പോലീസും മറ്റ് ഉദ്യോഗസ്ഥരും മാറി മാറി പത്തിലധികം തവണ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തെന്ന പരാതി ഗൗരവമായ ഇടപെടൽ ആവശ്യപ്പെടുന്നതായി കമ്മിഷൻ നിരീക്ഷിച്ചു. റൂറൽ എസ്.പി., എടത്തല എസ്.എച്ച്.ഒ. എന്നിവർ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

Content Highlights:liquor given to six year old girl police booked case