ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ കൂലിപ്പണിക്കാര്‍ക്ക് മദ്യം വിതരണം ചെയ്ത ടിക് ടോക് താരം അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ കുമാറിനെ(29)യാണ് പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 

ഹൈദരാബാദ് ചാമ്പാപേട്ടിലെ കള്ള് ഷാപ്പിന് മുന്നില്‍വെച്ചാണ് ഇയാള്‍ സ്ത്രീകളടക്കമുള്ള കൂലിപ്പണിക്കാര്‍ക്ക് മദ്യം നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടിക് ടോകില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന്റെ പിടിവീണത്. 

ടിക് ടോക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാനും ശ്രദ്ധനേടാനും വേണ്ടിയാണ് കുമാര്‍ മദ്യം വിതരണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച സാധാരണക്കാര്‍ക്ക് മദ്യം നല്‍കി സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിയുടെ വാദം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. 

Content Highlights: liquor distribution video; tiktok star arrested in hyderabad