മലപ്പുറം: കോട്ടയ്ക്കലില്‍ ക്വാര്‍ട്ടേഴ്സില്‍ വീട്ടമ്മയെ കുത്തികൊലപ്പെടുത്തിയ കേസില്‍ 24 വര്‍ഷത്തിനുശേഷം പ്രതിയ്ക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു.

stab

പ്രതീകാത്മക ചിത്രം

തൂത്തുക്കുടി ആശിര്‍വാദപുരം മാവട്ടം സവേരിയര്‍ മൈക്കിളി (49)നെയാണ് മഞ്ചേരി ഒന്നാംഅഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ക്ലാരി എടരിക്കോട് പഴഞ്ഞിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന രമണി (32)യാണ് കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും 7000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അഞ്ചുവര്‍ഷം കഠിനതടവും 3000 രൂപയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസംകൂടി തടവ് അനുഭവിക്കണം. തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

1994 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ക്വാര്‍ട്ടേഴ്സിലെ തൊട്ടടുത്തതാമസക്കാരായിരുന്നു മൈക്കിളും രമണിയും. തെങ്ങില്‍നിന്ന് വീണ ഓലമടല്‍ എടുത്തതിനെ ചൊല്ലി രമണിയും മൈക്കിളിന്റെ ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കവും കൈയേറ്റവും നടന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വീട്ടിന്റെ വാതില്‍ ചവിട്ടിതുറന്ന് അകത്തുകടന്ന മൈക്കിള്‍ കിടപ്പുമുറിയില്‍വെച്ച് രമണിയെ വയറിലും നെഞ്ചിലും കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. രമണിയുടെ മകന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

Content highlights: Manjeri, Additional sessions court, Crime news, House wife stabbed to death