കൊല്ലം : യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്നാം പ്രതി അലയമണ്‍ കല്ലുകുന്നുംപുറത്ത് വീട്ടില്‍ നസീറിനും മൂന്നാംപ്രതി അലയമണ്‍ ചരുവിള പുത്തന്‍വീട്ടില്‍ ബൈജുവിനും ജീവപര്യന്തം തടവും 50,000 രൂപവീതം പിഴയുമാണ് വിധിച്ചത്.

Arrestരണ്ടാം പ്രതി അലയമണ്‍ തോട്ടുംകര പുത്തന്‍ വീട്ടില്‍ അന്‍സറിന് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപയുമാണ് ജില്ലാ സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അലമയമണ്‍ പുല്ലാഞ്ഞിയോട് ലക്ഷംവീട് നമ്പര്‍ 8-ല്‍ ഉണ്ണിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

2014 ഒക്ടോബര്‍ ഒന്‍പതിന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. ഉണ്ണിയും കേസിലെ പ്രതികളും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി ഉണ്ണിയും മറ്റ് മൂന്നു സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ ഉണ്ണിയെ വീടിനു സമീപത്തെ റബ്ബര്‍ കാട്ടില്‍ കൊണ്ടുപോയി കൈകള്‍ ബന്ധിച്ചശേഷം വയറ്റില്‍ ആഞ്ഞുചവിട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. 

ചവിട്ടിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റ് അവശനിലയില്‍ കിടന്ന ഉണ്ണിയെ പ്രദേശവാസികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസത്തിനുശേഷം മരിച്ചു. അഞ്ചല്‍ സി.ഐ. പി.വി.രമേശ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Content highlights: Crime news, Kollam, Charge sheet