കൊല്ലം: അടച്ചുകൊണ്ടിരിക്കെ കടന്നുവന്ന ലോറിയില്‍ കുടുങ്ങി ലെവല്‍ക്രോസ് ഗേറ്റ് തകര്‍ന്നു. തിങ്കളാഴ്ച രാവിലെ ചിന്നക്കട എസ്.എം.പി. പാലസിന് സമീപമുള്ള ലെവല്‍ക്രോസ് ഗേറ്റിലാണ് അപകടമുണ്ടായത്. സിഗ്‌നല്‍ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ അരമണിക്കൂറോളം വൈകി. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഗേറ്റ് അപ്രതീക്ഷിതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

പാലക്കാട്ടുനിന്ന് പച്ചക്കറിയുമായി വന്ന ഓട്ടോ പിക്കപ്പ് ലോറി ലോഡിറക്കി മടങ്ങിപ്പോകുന്നതിനിടെയാണ് ഗേറ്റില്‍ കുരുങ്ങിയത്. ആദ്യ ഗേറ്റ് കടന്ന ലോറി രണ്ടാമത്തെ ഗേറ്റിന്റെ ഒരുഭാഗം വലിച്ചുകൊണ്ടുപോയി. തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന നേത്രാവതി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം. ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള ഗേറ്റ് അടയാത്തതിനാല്‍ സിഗ്‌നല്‍ കിട്ടാതെ നേത്രാവതി എക്സ്പ്രസ് കോളേജ് ജങ്ഷന് സമീപം പിടിച്ചിട്ടു.

റെയില്‍വേ എന്‍ജിനിയറിങ് വിഭാഗമെത്തി ഗേറ്റ് ഇരുമ്പ് തൂണില്‍ ബന്ധിച്ച് സിഗ്‌നല്‍ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തവെയാണ് വീണ്ടും അപകടമുണ്ടായത്. കാല്‍നടയാത്രികന്റെ കാലില്‍ തട്ടി ഗേറ്റ് ബന്ധിച്ച കയര്‍ അഴിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ജോലിയിലേര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ക്കും യാത്രികനും പരിക്കേറ്റു. ആശ്രാമം ശങ്കരകുമാരമംഗലം ക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല സ്വദേശി വിഷ്ണു (24), എന്‍ജിനിയറിങ് വിഭാഗം പെര്‍മനന്റ് വേ ഇന്‍സ്പെക്ടര്‍ ഷാജി തോമസ്, ആര്‍.പി.എഫ്. എ.എസ്.ഐ. ഗോപകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

20 മിനിട്ട് നീണ്ട ശ്രമത്തിനൊടുവിലാണ് ഗേറ്റ് ബന്ധിച്ച് സിഗ്‌നല്‍ പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ് കടത്തിവിട്ടു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് വന്ന കേരള എക്സ്?പ്രസും 15 മിനിട്ടോളം വൈകിയാണ് കൊല്ലം സ്റ്റേഷന്‍ പിന്നിട്ടത്.

ഗേറ്റ് തുറക്കാനും അടയ്ക്കാനും കഴിയാത്തതിനാല്‍ ഇതുവഴി വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഗേറ്റിന്റെ അറ്റകുറ്റപ്പണി നടന്നുവരികയാണ്.