tv theftകോഴിക്കോട്: പോലീസ് പവിലിയനിലെ ടി.വി.യായാലും വേണമെന്നൊരു മോഹം മോഷ്ടാവിനുണ്ടെങ്കില്‍ എന്തുചെയ്യും!... അത് ബസ്സ്റ്റാന്‍ഡിലായാലും അടിച്ചെടുക്കുക, പിന്നെ തലയില്‍വച്ചാണെങ്കിലും കൊണ്ടുപോവുക...ഇത് നാട്ടുകാര്‍ക്കും പോലീസിനും ഒരുപോലെ ബോധ്യമായ ദിവസമായിരുന്നു ഞായറാഴ്ച.

ബസ്സ്റ്റാന്‍ഡല്ലേ, 24 മണിക്കൂറും പലവിധ സ്വഭാവമുള്ളവര്‍ വന്നുപോകുന്ന സ്ഥലമാണല്ലോ എന്ന ധാരണയില്‍ ടി.വി. സ്ഥാപിച്ച ടെന്റിന് തൊട്ടുമുകളില്‍ വലിയ അക്ഷരത്തില്‍ സിറ്റി ട്രാഫിക് പോലീസ് പവിലിയന്‍ എന്ന് എഴുതിവച്ചു.

ഇനി ആരും ടിവി തൊടില്ലല്ലോയെന്ന ധൈര്യത്തിലായിരുന്നു പോലീസ്. എന്നാല്‍ കള്ളന് അതൊന്നുംപ്രശ്‌നമായതേയില്ല- ടി.വി.യുമായി കടന്നുകളഞ്ഞു. ട്രാഫിക് ബോധവത്കരണത്തിനായി സിറ്റിട്രാഫിക് പോലീസ് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലെ പോലീസ് പവിലിയനില്‍ സ്ഥാപിച്ചതായിരുന്നു 52 ഇഞ്ച് എല്‍.ഇ.ഡി. ടിവി.

ഞായറാഴ്ച പുലര്‍ച്ചെ ആറേകാലോടെയാണ് ഇത് മോഷ്ടിച്ചത്. ജനുവരി 11 മുതല്‍ 17 വരെയായിരുന്നു ട്രാഫിക് വാരാചരണം. പോലീസ് വാടകയ്‌ക്കെടുത്തതാണ് ടെലിവിഷന്‍. ശനിയാഴ്ച ടി.വി. എടുത്തുമാറ്റാന്‍ തീരുമാനിച്ചെങ്കിലും ടെക്നീഷ്യന്‍ എത്താത്തതിനാല്‍ ഞായറാഴ്ച മാറ്റാമെന്ന് നിശ്ചയിച്ചതായിരുന്നു ട്രാഫിക് പോലീസ്.

പുലര്‍ച്ചെ മൂന്നുമണിക്ക് പവിലിയനുള്ളിലേക്ക് കയറിയ കള്ളന്‍ രാവിലെ ടി.വി.യും തലയില്‍വച്ച് പുറത്തേക്കുപോകുന്ന ചിത്രം സി.സി.ടി.വി.യില്‍ വ്യക്തമാണ്. കാക്കിഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവാണ് സംഭവത്തിന് പിന്നിലെന്ന് കസബ പോലീസ് പറഞ്ഞു. ചുമട്ടുതൊഴിലാളികള്‍ പവിലിയന് സമീപത്തുനിന്ന് മാറുന്നതുവരെ ഇയാള്‍ മൂന്നുമണിക്കൂറോളം കാത്തിരിക്കുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സ്റ്റാന്‍ഡിലെത്തിയ ചില വാഹനഡ്രൈവര്‍മാരും നിരീക്ഷണത്തിലാണ്.

വിവരം ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കണം. ഫോണ്‍: 0495- 2722286, 9497980710

Content Highlights: led tv looted from kozhikode bus stand, which was fixed by traffic police