ഹൈദരാബാദ്: വിദ്യാര്‍ഥിനികളെ ശല്യം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് വ്യത്യസ്ത കേസുകളില്‍ കോളേജ് പ്രഫസര്‍ക്കും അധ്യാപകനും എതിരെ കേസ്. ഇതില്‍ ഒരാള്‍ അറസ്റ്റിലായി. തെലങ്കാനയിലാണ് രണ്ട് സംഭവങ്ങളും.

വാറങ്കല്‍ ജില്ലയിലെ ഹനംകോണ്ടയിലുള്ള സ്വകാര്യ സ്‌കൂളിലെ ടി. രഞ്ജിത്ത് കുമാര്‍ എന്ന അധ്യാപകനെ പോലീസ് ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യര്‍ഥിനികളെ കണ്ടെത്തി പഠനത്തില്‍ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ തന്റെ മൊബൈല്‍ നമ്പര്‍ കൈമാറി. പഠനവുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ തന്നെ ഫോണില്‍ ബന്ധപ്പെടാനും നിര്‍ദേശിച്ചു. ഇതനുസരിച്ച രഞ്ജിത്തിന് ഫോണ്‍ ചെയ്ത വിദ്യാര്‍ഥിനികളുടെ നമ്പര്‍ സേവ് ചെയ്ത ശേഷം വാട്സാപ്പിലേക്ക് ഇയാള്‍ അശ്ലീല  സന്ദേശങ്ങള്‍ അയച്ചുവെന്നാണ് കേസ്. ഇതിലൊരു വിദ്യാര്‍ഥിനി വിവരം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രഥമിക അന്വേഷണത്തില്‍ അധ്യാപകനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

നിര്‍മല്‍ ജില്ലയിലെ ബസാരയിലുള്ള രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസിലെ പ്രഫസര്‍റായ വരാല രവിയ്ക്കെതിരെയാണ് മറ്റൊരു പരാതി. വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയില്‍ പാസ് മാര്‍ക്ക് ലഭിക്കണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനികളെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. വൈസ് ചാന്‍സലര്‍ അടങ്ങുന്ന കമ്മിറ്റി വരാല രവി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlight: Lecturer and Professor booked for sexual harassment in female students