ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ കോടതിയില്‍ അഭിഭാഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ജലാല്‍ബാദ് സ്വദേശിയായ ഭൂപേന്ദ്ര പ്രതാപ് സിങ്ങിനെയാണ് ഷാജഹാന്‍പുരിലെ ജില്ലാകോടതിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കോടതി കെട്ടിടത്തിന്റെ മൂന്നാംനിലയിലായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്തുനിന്നായി നാടന്‍ തോക്കും കണ്ടെടുത്തിട്ടുണ്ട്. 

പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടെന്നും പിന്നാലെ അഭിഭാഷകന്‍ നിലത്തുവീണ് കിടക്കുന്നത് കണ്ടെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവസമയം ഇദ്ദേഹത്തിന്റെ സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതകം നടന്ന സാഹചര്യം ഇതുവരെ വ്യക്തമല്ലെന്ന് ഷാജഹാന്‍പുര്‍ എസ്.പി. എസ്. ആനന്ദും പ്രതികരിച്ചു. 

ബാങ്ക് ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര സിങ് അഞ്ച് വര്‍ഷം മുമ്പാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരടക്കം കോടതിയിലെത്തി പരിശോധന നടത്തി. 

Content Highlights: lawyer shot dead in court complex in uttar pradesh