കൊച്ചി: നിയമബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ പൊതുസമൂഹത്തെയും നീതിന്യായവ്യവസ്ഥയെയും വഞ്ചിച്ചെന്ന് ഹൈക്കോടതി.

സെസി സേവ്യറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് വി. ഷെര്‍സിയുടെ നിരീക്ഷണം. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി ഹര്‍ജിക്കാരിയോട് ഉടന്‍ കീഴടങ്ങാനും ഇല്ലെങ്കില്‍ അറസ്റ്റുചെയ്യാനും നിര്‍ദേശിച്ചു.

ബാര്‍ അസോസിയേഷനില്‍ അംഗത്വം നല്‍കുന്നതിനുമുമ്പ് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബാര്‍ കൗണ്‍സിലില്‍നിന്ന് ശേഖരിക്കുന്നതു ഭാവിയില്‍ ഇത്തരം തട്ടിപ്പ് ഉണ്ടാകാതിരിക്കുന്നതിന് അഭികാമ്യമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

നിശ്ചിതയോഗ്യതയില്ലാതെ കോടതിയില്‍ പ്രാക്ടീസ് ചെയ്തത് ഗൗരവകരമാണ്. സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തെറ്റാണിത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഉരുക്കുമുഷ്ടിയുപയോഗിച്ചു നേരിടണം. 27 വയസ്സ് മാത്രമുള്ള സ്ത്രീയാണെന്ന പരിഗണന നല്‍കിയാല്‍ ജുഡിഷ്യല്‍ സംവിധാനത്തിനു നാണക്കേടാണെന്നും പൊതുസമൂഹത്തിന് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

നിര്‍ധനകുടുംബാംഗമായ തനിക്ക് സാമ്പത്തികപ്രതിസന്ധിമൂലമാണ് നിയമപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. പ്രായക്കുറവും അപക്വതയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും വാദിച്ചിരുന്നു.

അഭിഭാഷകയായി താന്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന് സെസി വാദിച്ചെങ്കിലും ഇവര്‍ വാദിച്ച ഒരു കേസിന്റെ വിധിന്യായത്തില്‍ വിചാരണക്കോടതി പേരു രേഖപ്പെടുത്തിയത് തെളിവായി ഹൈക്കോടതി പരിഗണിച്ചു. സെസി സേവ്യറിന് നിയമബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച ഊമക്കത്തിനെത്തുടര്‍ന്നാണ് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പോലീസില്‍ പരാതിനല്‍കുന്നത്.

ഇതോടെ സെസി സേവ്യര്‍ ഒളിവില്‍പ്പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.