പറവൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ചമഞ്ഞ അഭിഭാഷകന് നാലുമാസം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് വീട്ടിലും കാറിലും പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിച്ച് ആള്‍മാറാട്ടം നടത്തിയതിനാണ് ശിക്ഷ. പറവൂര്‍ കോടതിയില്‍ മുമ്പ് ഗവ. പ്ലീഡറായിരുന്ന പുത്തന്‍വേലിക്കര എളന്തിക്കര നെയ്ശേരി വീട്ടില്‍ എന്‍.ജെ. പ്രിന്‍സി (50) നെയാണ് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (മൂന്ന്) മജിസ്ട്രേറ്റ് എന്‍. രമേഷ് ശിക്ഷിച്ചത്.

2017 മേയ് നാലിനാണ് പ്രിന്‍സ് അറസ്റ്റിലാവുന്നത്. വ്യാജ ബോര്‍ഡുകള്‍ സ്ഥാപിച്ചതായുള്ള ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ പരാതിയിലായിരുന്നു നടപടി. പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍.എച്ച്. അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ കേസില്‍ കക്ഷി ചേര്‍ന്നു. ഉദ്യോഗസ്ഥര്‍ ഉപയോഗിക്കേണ്ട ബീക്കണ്‍ ലൈറ്റ് ഉള്‍പ്പെടെയുള്ള അധികാര ചിഹ്നങ്ങള്‍ ഉപയോഗിച്ചതിന് ഒരു മാസം തടവും 200 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ചിത്ര കേശവന്‍ ഹാജരായി.