ഇടുക്കി: കട്ടപ്പനയില്‍ മുന്‍ സിഐടിയു നേതാവ് പുറമ്പോക്ക് ഭൂമിക്കായി തയ്യാറാക്കിയ വ്യാജ തണ്ടപ്പേര് ജില്ലാ ഭരണകൂടം റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രി ഒഴിയാന്‍ ആവശ്യപ്പെടുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അതേസമയം, ആശുപത്രി കെട്ടിടമായതിനാല്‍ തിടുക്കപ്പെട്ട് നടപടിയുണ്ടാവില്ലെന്നും ജില്ലാ ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. 

കട്ടപ്പനയിലെ മുന്‍ സിഐടിയു നേതാവായ ലൂക്കാ ജോസഫാണ് മറ്റൊരു ഭൂമിയുടെ തണ്ടപ്പേരില്‍ പുറമ്പോക്ക് ഭൂമി കയ്യേറിയത്. റവന്യൂ വകുപ്പ് അധികൃതരെയടക്കം സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍ തണ്ടപ്പേര് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ജില്ലാ ഭരണകൂടം ഇത് റദ്ദാക്കുകയായിരുന്നു. 

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയാണ് ഈ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി കെട്ടിടമായതിനാല്‍ പെട്ടെന്നുള്ള ഒഴിപ്പിക്കല്‍ സാധ്യമാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 

Content Highlights: land encroachment in kattappana; district administration taken action