കൊച്ചി: ലക്ഷദ്വീപില്‍ പിടികൂടിയ 5.45 കോടി രൂപയുടെ കടല്‍വെള്ളരിക്കടത്ത് കൊച്ചി കസ്റ്റംസ് അന്വേഷിക്കും. ഇതിനായി കസ്റ്റംസ് സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും. കടല്‍വെള്ളരി കടത്താന്‍ ശ്രമിച്ച് ലക്ഷദ്വീപ് വന്യജീവി സംരക്ഷണസേനയുടെ പിടിയിലായ ഏഴുപേരെ വിട്ടുകിട്ടാന്‍ അമിനി മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ഇവരെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യാനാണ് തീരുമാനം.

മാര്‍ച്ച് 11-ന് ലക്ഷദ്വീപിലെ കടല്‍ വന്യജീവിസംരക്ഷണസേനയിലെ തിനക്കര ക്യാമ്പിലെ വാച്ചര്‍മാരാണ് കടല്‍വെള്ളരിക്കടത്ത് പിടികൂടിയത്. ജനവാസമില്ലാത്ത 'പെരുമാള്‍ പാര്‍' എന്ന ദ്വീപിനുസമീപം രണ്ട് വലിയ ബോട്ടുകളിലാണ് ഒമ്പതംഗസംഘത്തെ കണ്ടത്. ഇതില്‍ ഏഴുപേരെ വാച്ചര്‍മാര്‍ പിടികൂടി. ബോട്ടുകളില്‍ 486 കടല്‍വെള്ളരികളായിരുന്നു ഉണ്ടായിരുന്നത്.

പി. സാജന്‍ (തിരുവനന്തപുരം), പി. ജൂലിയസം നായകം (കന്യാകുമാരി), ജഗന്‍നാഥ് ദാസ് (ഡല്‍ഹി), പരണ്‍ ദാസ് (പശ്ചിമബംഗാള്‍), ലക്ഷദ്വീപ് അഗത്തി സ്വദേശികളായ അബ്ദുള്‍ ജബ്ബാര്‍, എസ്.ബി. മുഹമ്മദ് ഹഫീലു, സാഖ്ലിയന്‍ മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ബോട്ടുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷവും രണ്ടാമത്തേത് ലക്ഷദ്വീപ് രജിസ്ട്രേഷനുള്ളതുമാണ്.അന്താരാഷ്ട്രബന്ധങ്ങളുള്ള സംഘമാണ് കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

സൂപ്പുണ്ടാക്കാന്‍

ചൈന, കൊറിയ, മ്യാന്‍മാര്‍ എന്നിവിടങ്ങളിലേക്കാണ് കടല്‍വെള്ളരി പ്രധാനമായും കടത്താറ്. ഔഷധഗുണമുള്ള ഇവ ഈ രാജ്യങ്ങളില്‍ ഭക്ഷ്യവസ്തുവാണ്. സൂപ്പുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു കിലോയ്ക്ക് രണ്ടുലക്ഷത്തോളം രൂപവരെയാണ് അന്താരാഷ്ട്രവിപണിയില്‍ ഇവയുടെ വില.

img
കടൽവെള്ളരി

കടല്‍വെള്ളരി 

കടലിന്റെ അടിത്തട്ടില്‍ സിലിണ്ടര്‍ രൂപത്തില്‍ കാണപ്പെടുന്ന ജീവിയാണ് കടല്‍വെള്ളരി. ആല്‍ഗയും ചെറു കടല്‍ജീവികളും ഫലഭൂയിഷ്ഠമായ മണ്ണുമാണ് ഭക്ഷണം. രണ്ടുമുതല്‍ ആറടിവരെ നീളമുണ്ടാകും.

കടല്‍ അടിത്തട്ടിലേക്ക് ഊളിയിട്ടുപോയി ഇവയെ പെറുക്കിയെടുക്കുകയാണ് ചെയ്യുക. ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പാക്ക് കടലിടുക്ക്, കച്ച്, മാന്നാര്‍ ഉള്‍ക്കടലുകള്‍ എന്നിവടങ്ങളിലാണ് കടല്‍വെള്ളരി കൂടുതലായി കാണപ്പെടുന്നത്.