കുറ്റ്യാടി: പണമായും സ്വര്‍ണമായും നിക്ഷേപം വാങ്ങി കോടികള്‍ തട്ടി ഇടപാടുകാരെ വഞ്ചിച്ചെന്ന പരാതിയില്‍ കുറ്റ്യാടി ഗോള്‍ഡ് പാലസ് മാനേജിങ് ഡയറക്ടര്‍ അറസ്റ്റില്‍. കുളങ്ങരത്താഴ വടക്കെപറമ്പത്ത് വി.പി. സബീര്‍ എന്ന സമീറിനെയാണ് (32) കുറ്റ്യാടി സി.ഐ. ടി.പി. ഫര്‍ഷാദ് അറസ്റ്റുചെയ്തത്. യൂത്ത്ലീഗ് മുന്‍നേതാവാണ് ഇയാള്‍. ഇയാളെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി, നാദാപുരം, പയ്യോളി സ്റ്റേഷന്‍ പരിധികളിലായി നൂറിലേറെ പരാതികളാണ് പോലീസിന് ലഭിച്ചത്. പരാതിയെത്തുടര്‍ന്ന് ശനിയാഴ്ച കുറ്റ്യാടി, നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

നാലുവര്‍ഷം മുമ്പാണ് ഗോള്‍ഡ് പാലസ് ജൂവലറി കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി പണമായും സ്വര്‍ണമായുമാണ് നിക്ഷേപം സ്വീകരിച്ചത്. ഇതിനു പുറമേ മാസവരിയായും പണം സ്വീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് സമീര്‍ അപ്രത്യക്ഷമായതോടെയാണ് നിക്ഷേപകരില്‍ സംശയമുണര്‍ന്നത്.

ഒട്ടേറെ പേര്‍ കൂട്ടത്തോടെ മൂന്ന് ജൂവലറികളിലും തങ്ങളുടെ പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ടെത്തിയതോടെ വ്യാഴാഴ്ച മൂന്നിടങ്ങളിലെ ജൂവലറിയും പ്രവര്‍ത്തനം നിര്‍ത്തി. പത്തുപവന്‍ മുതല്‍ ഒരുകിലോ വരെ സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും നിക്ഷേപം നടത്തിയവയില്‍ പെടും. കൂടാതെ വിവാഹം മുന്‍നിര്‍ത്തി നേരത്തേ പണം നിക്ഷേപിച്ച് സ്വര്‍ണമെടുക്കാന്‍ കാത്തിരിക്കുന്നവരും ഉണ്ട്. സ്ത്രീകളാണ് ഏറെയും പരാതിയുമായെത്തുന്നത്.

കുറ്റ്യാടി സ്റ്റേഷനില്‍ ഞായറാഴ്ചവരെ 87 പരാതികള്‍ ലഭിച്ചു. നാദാപുരത്ത് 15 പരാതികളും കിട്ടിയിട്ടുണ്ട്. മൂന്ന് സ്റ്റേഷന്‍ പരിധികള്‍ ഉള്‍പ്പെട്ടതിനാല്‍ കോഴിക്കോട് റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടില്ലെന്നും നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കുമെന്നും അറസ്റ്റിലായ സമീര്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

തട്ടിപ്പിനിരയായവരില്‍ സ്വര്‍ണക്കച്ചവടക്കാരും

നാദാപുരം: കല്ലാച്ചിയിലെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജൂവലറിയില്‍ നിക്ഷേപ തട്ടിപ്പിനിരയായവരില്‍ സ്വര്‍ണക്കച്ചവടക്കാരും.തിരൂരങ്ങാടി,ബാലുശ്ശേരി, രാമനാട്ടുകര ഭാഗങ്ങളിലെ സ്വര്‍ണക്കച്ചവടക്കാരാണ് തട്ടിപ്പിനിരയായത്. കല്ലാച്ചിയിലെ ജൂവലറിയില്‍ കച്ചവടത്തിനായി നല്‍കിയ സ്വര്‍ണത്തിന്റെ പണം ലഭിക്കാത്തവരാണ് ഇവരില്‍ ഏറെയും.

നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് പ്രവാസിയായ ജാതിയേരി പുളിയാവ് തയ്യുള്ളതില്‍ കുഞ്ഞാലിഹാജിയുടെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.തട്ടിപ്പിനിരയായ ഓരോരുത്തരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിശദമായ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.