കുറ്റിപ്പുറം: കുഞ്ഞിപ്പാത്തുമ്മയുടെ വീടിന്റെ അഞ്ചു വീട് അപ്പുറത്താണ് മുഹമ്മദ്ഷാഫിയുടെ വീട്. വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ് കുഞ്ഞിപ്പാത്തുമ്മ. അവരുടെ കൈവശം ധാരാളം പണമുണ്ടെന്ന് ഷാഫിക്ക് അറിയാമായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ചതും ഇതാണ്.

രണ്ടര മാസം മുന്‍പാണ് വിദേശത്തുനിന്ന് ഷാഫി നാട്ടിലെത്തിയത്. തികഞ്ഞ മദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. സ്വഭാവദൂഷ്യം കാരണം ഭാര്യ പിണങ്ങിപ്പോയി. പണിക്കൊന്നും പോകാത്തതിനാല്‍ മദ്യപിക്കാന്‍ പണമുണ്ടായിരുന്നില്ല. ഇതോടെയാണ് മോഷ്ടിക്കാനായി കുഞ്ഞിപ്പാത്തുമ്മയുടെ വീട് ലക്ഷ്യമിട്ടത്.

പണമാണ് ആവശ്യമെങ്കില്‍ മോഷണം മാത്രം നടത്തിയാല്‍ പോരേയെന്ന് ഷാഫിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു. 'കൊല്ലണമെന്ന് തോന്നി, അതിനാലാണ് കൊന്ന ശേഷം മോഷ്ടിച്ചതെന്ന്'പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വാതിലില്‍ മുട്ടി കുഞ്ഞിപ്പാത്തുമ്മയെ വിളിച്ചുണര്‍ത്തി തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. കൂട്ടുകാരുമൊത്ത് മദ്യപിച്ചെങ്കിലും ഉദ്ദേശ്യം മറ്റാരോടും വെളിപ്പെടുത്തിയില്ല. കൂട്ടത്തിലെ എല്ലാവരും വീട്ടില്‍ പോകുംവരെ അവിടത്തന്നെത്തുടര്‍ന്നു. അവസാനമാണ് മുഹമ്മദ്ഷാഫി പോകുന്നത്.

വടിയുമായി ബൈക്കില്‍ കുഞ്ഞിപ്പാത്തുമ്മയുടെ വീടിനു മുന്നിലെത്തി. അവിടെനിന്ന് കരിങ്കല്‍ കഷണവും കൈയിലെടുത്തു. ഈ സമയം കുഞ്ഞിപ്പാത്തുമ്മ ഉറങ്ങാതെ ഉമ്മറത്തിരിക്കുകയായിരുന്നു. ഉമ്മറത്ത് കയറിയ മുഹമ്മദ് ഷാഫി കൈയില്‍ കരുതിയിരുന്ന വടി കൊണ്ട് തലയ്ക്ക് അടിയ്ക്കുകയും മുഖത്ത് കരിങ്കല്ലുപയോഗിച്ച് കുത്തുകയും ചെയ്തു. അടിയേറ്റ് കുഞ്ഞിപ്പാത്തുമ്മ വീണതോടെ വീടിനകത്ത് കയറി പണംതിരയാന്‍ തുടങ്ങി. കുഞ്ഞിപ്പാത്തുമ്മ എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ വീണ്ടും തലയ്ക്കടിച്ചുവീഴ്ത്തി. മരണം ഉറപ്പാകുംവരെ അടി തുടര്‍ന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ പഴ്സിലുണ്ടായിരുന്ന പണമെടുത്ത് രക്ഷപ്പെട്ടു.

കണ്‍മുന്നില്‍, ഒന്നുമറിയാത്തപോലെ

രാവിലെ കൊലപാതക വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിലെത്തിയപ്പോള്‍ അക്കൂട്ടത്തില്‍ മുഹമ്മദ് ഷാഫിയുമുണ്ടായിരുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുമ്പോഴും പോയില്ല. എന്നാല്‍ പോലീസ് നായ സ്ഥലത്തെത്തുമെന്നറിഞ്ഞതോടെ അവിടെനിന്ന് മുങ്ങി.

നായ മണംപിടിച്ച് ഓടിയ ഭാഗത്തു തന്നെയായിരുന്നു മുഹമ്മദ് ഷാഫിയുടെ വീട്. എന്നാല്‍ അവിടേക്ക് നായ കയറാതിരുന്നതോടെ രക്ഷപ്പെട്ടെന്ന് കണക്കുകൂട്ടി. പക്ഷേ, കൃത്യമായ തെളിവുകളിലൂടെ പോലീസ് പ്രതിയെ കണ്ടെത്തി.

തവനൂരിലെ കൊലപാതകം: അന്വേഷണം രണ്ടു പേരേ കേന്ദ്രീകരിച്ച് 

തവനൂര്‍: കടകശ്ശേരിയില്‍ കഴിഞ്ഞദിവസമുണ്ടായ കൊലപാതകത്തിന്റെ അന്വേഷണം വീടിനു സമീപം കണ്ട രണ്ടു പേരെ കേന്ദ്രീകരിച്ച്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കടകശ്ശേരി തട്ടോട്ടില്‍ ഇയ്യാത്തുട്ടി ഉമ്മ(70)യെയാണ് വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇയ്യാത്തുട്ടി ഉമ്മയുടെ വീടിനുസമീപം ഞായറാഴ്ച ഉച്ചയോടെ അപരിചിതരായ രണ്ടു പേരെ കണ്ടുവെന്ന്‌ ചിലര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരാള്‍ വീടിന്റെ പടിക്കലും മറ്റൊരാള്‍ ഉമ്മറത്തെ ഗ്രില്ലിന് സമീപവും നില്‍ക്കുന്നത് കണ്ടവരുണ്ട്.

അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതോടെ മോഷ്ടിക്കാന്‍വേണ്ടിയാണ് കൊലനടത്തിയിട്ടുള്ളതെന്ന് വ്യക്തമായി. വളയും മാലയുമെല്ലാം ഉള്‍പ്പെടെ ദേഹത്ത് 15 പവനോളം ആഭരണങ്ങളുണ്ടായിരുന്നെന്നാണ് വിവരം.

Content Highlights: kuttippuram old woman murder case