കുറ്റ്യാടി: വാടകയ്ക്ക് നൽകിയ കാറുമായി കടന്നയാളെ അന്വേഷിച്ചുപോയ കുറ്റ്യാടി സ്വദേശികൾക്ക് കർണാടകത്തിൽവെച്ച് ക്രൂരമർദനമേറ്റതായി പരാതി. അക്രമികൾ രണ്ടു കാറും പണവും തട്ടിയെടുത്തു. വാഹന ഉടമ തളീക്കര അമ്മച്ചൂർ രജീഷ്കുമാർ (35), സുഹൃത്തുക്കളായ അഖിൽ കുറ്റ്യാടി, നിശാന്ത്, വിജേഷ് തളീക്കര, സരുൺ തളീക്കര എന്നിവർക്കാണ് കർണാടകയിലെ കൊടകിൽ മർദനമേറ്റത്.

ഇക്കഴിഞ്ഞ ഒമ്പതിന് രജീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 18 ഡി 7729 എന്ന കാർ ആശുപത്രി ആവശ്യം പറഞ്ഞ് നാട്ടുകാരനായ ഫാരിസ് കുനിയിൽ എന്നയാളാണ് വാടകയ്ക്കു വാങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞിട്ടും കാർ തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ഫാരിസിനെ ഫോൺ മുഖാന്തരവും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഫോൺ ഓഫാക്കിയതിനാൽ നേരിട്ട് വീട്ടിൽ അന്വേഷിച്ചപ്പോൾ ആറുമാസമായി വീട്ടിൽ വരാറില്ലെന്നായിരുന്നു ലഭിച്ച മറുപടി.

ഇതേത്തുടർന്ന് വാഹനത്തിലെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ കാർ കർണാടകത്തിലെ കൊടക് കുഞ്ഞില എന്ന സ്ഥലത്താണെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രജീഷും നാലു സുഹൃത്തുക്കളും ചേർന്ന് 17-ന് മറ്റൊരു കാറിൽ കൊടകിലെത്തി.

അന്നേദിവസം രാത്രി 12-ഓടെ നഷ്ടപ്പെട്ട കാർ കണ്ടെത്തി. എന്നാൽ, കാറിൽ അപരിചിതരായ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അവരോട് കാര്യം വ്യക്തമാക്കിയെങ്കിലും രജീഷിനെയും സംഘത്തെയും ഭീഷണിപ്പെടുത്തി.

കാർ തിരികെ ലഭിക്കില്ലെന്ന് വ്യക്തമായതോടെ രജീഷും സുഹൃത്തുക്കളും നാട്ടിലേക്ക് തിരിച്ചു. എന്നാൽ, പത്തുകിലോമീറ്റർ പിന്നിട്ടപ്പോൾ രണ്ടു കാറുകളിലെത്തിയ സംഘം രജീഷിനെയും കൂട്ടുകാരെയും തടഞ്ഞു. പിന്നാലെ കാറിനുനേരെ വെടിയുതിർക്കുകയും രജീഷിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തോക്കിനുപുറമേ വടിവാളും മറ്റു മാരകായുധങ്ങളുമായി എത്തിയ സംഘം രജീഷിനെയും കൂട്ടുകാരെയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. പിന്നീട് വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

മർദനമേറ്റ് രജീഷിന്റെ ബോധം നഷ്ടപ്പെട്ടു. കൂടെയുള്ളവരും അവശനിലയിലായിരുന്നു. ഇവരുടെ ഫോൺ, പേഴ്സ്, സുഹൃത്തിന്റെ 62,000 രൂപ എന്നിവ അപഹരിച്ചാണ് സംഘം കടന്നുകളഞ്ഞത്. എ.ടി.എം. കാർഡ്, ഡ്രൈവിങ് ലൈസെൻസ് ഉൾപ്പെടെ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സാണ് അപഹരിച്ചത്.

സംഭവത്തിൽ കർണാടക പോലീസിൽ പരാതിനൽകിയാൽ അതിർത്തികടക്കുംമുമ്പ് കൊല്ലുമെന്നും അക്രമിസംഘം ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് നാട്ടിലെത്തിയാണ് പരാതി നൽകിയത്. അക്രമിസംഘം കാർ കൈക്കലാക്കിയതിനാൽ രജീഷ്കുമാറും സുഹൃത്തുക്കളും ബസ് മാർഗമാണ് നാട്ടിലെത്തിയത്. പരിക്കേറ്റ അഞ്ചുപേരും കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ചെവിക്ക് പരിക്കേറ്റ അഖിൽ എന്നയാൾക്ക് ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

സംഭവത്തിൽ തൊട്ടിൽപ്പാലം സി.ഐ.ക്ക് പരാതിനൽകിയെങ്കിലും സ്വീകരിച്ചില്ലെന്ന് രജീഷ്കുമാർ പരാതിപറഞ്ഞു. ഇതേത്തുടർന്ന് ഉത്തരമേഖല ഐ.ജി.ക്കാണ് പരാതിനൽകിയത്.

അതേസമയം പരാതി സ്വീകരിച്ചില്ലെന്നു പറഞ്ഞത് തെറ്റാണെന്നും പരാതി സ്വീകരിക്കുകയും കൊടക് പോലീസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് തൊട്ടിൽപ്പാലം സി.ഐ. ടി. രജീഷ് പ്രതികരിച്ചു.