കുട്ടനാട്: പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനിത(32)യുടെ കൊലപാതകം പ്രതികളായ പ്രബീഷും രജനിയുംചേര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പേ ആസൂത്രണംചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണു പാലക്കാട്ട് ജോലിചെയ്തിരുന്ന അനിതയെ വെള്ളിയാഴ്ച ആലപ്പുഴയിലേക്കു വിളിച്ചുവരുത്തിയതെന്നു പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ബൈക്കില്‍ പ്രബീഷ് തന്നെയാണ് ഇവരെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചത്.

ബുധനാഴ്ച രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രബീഷിനെയും പ്രബീഷിന്റെ മറ്റൊരു കാമുകിയായ കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടില്‍ രജനിയെയും റിമാന്‍ഡുചെയ്തു. 15 ദിവസത്തേക്കാണു റിമാന്‍ഡുചെയ്തിരിക്കുന്നത്. ഇരുവരെയും യഥാക്രമം ആലപ്പുഴ, മാവേലിക്കര സബ് ജയിലിലേക്കു കൊണ്ടുപോയി.

ഗുണ്ടയായി വിലസി

:പ്രബീഷിനെപ്പറ്റി കൈനകരിയിലെ അടുപ്പക്കാര്‍ക്കു പറയാന്‍ കഥകളേറെയാണ്. കൈത്തോക്ക് എന്നവ്യാജേന എപ്പോഴും പ്രബീഷ് എയര്‍ഗണ്ണുമായിട്ടാണു നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. 250-300 രൂപയ്ക്കു വാങ്ങാന്‍കിട്ടുന്ന ചൈനീസ് നിര്‍മിത പെല്ലറ്റ്ഗണ്ണാണിതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കളിയായി എതിര്‍ത്തുസംസാരിച്ചവരെ തോക്കുചൂണ്ടി പ്രബീഷ് വിരട്ടിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. രജനിയുടെ അമ്മയെയും മറ്റു ബന്ധുക്കളെയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അനിത വീട്ടില്‍വന്ന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് രജനിയുടെ അമ്മയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രാദേശിക മദ്യപാനസദസ്സുകളിലൊക്കെ ഇയാളെപ്പറ്റി വീരപരിവേഷത്തോടെയാണു നാട്ടുകാര്‍ സംസാരിക്കുന്നത്. താന്‍ സ്വര്‍ണക്കടത്തുസംഘത്തിലെ അംഗമാണെന്ന് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ് ഇയാള്‍. വിദേശത്ത് കള്ളക്കടത്തുസംഘത്തില്‍ ജോലിചെയ്തിരുന്നു. നാട്ടില്‍ വരുമ്പോഴെല്ലാം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണം കൊണ്ടുവന്നിരുന്നെന്നും അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, പോലീസ് ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ല. സ്വയം വലിയ ഗുണ്ടയാണെന്നുവരുത്താന്‍ പറയുന്നതാണിതൊക്കെയെന്ന് പോലീസ് കരുതുന്നു.


പ്രബീഷിന്റെ വലയില്‍ ഇനിയുമേറെ സ്ത്രീകള്‍
കുട്ടനാട്ടില്‍ അനിത കൊലക്കേസില്‍ പിടിയിലായ പ്രബീഷിനു ധാരാളം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസ്. അനിതയെയും രജനിയെയുംകൂടാതെ ഒട്ടേറെ സ്ത്രീകള്‍ ഇയാളുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ വലയിലാക്കുകയാണ് ഇയാളുടെ രീതി. വരുംദിവസങ്ങളില്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

വള്ളം നേരത്തേ ഏര്‍പ്പാടാക്കി
:അനിതയെ കഴുത്തുഞെരിച്ചു കൊന്ന് ആറ്റില്‍ തള്ളാനായിരുന്നു പദ്ധതി. ഇതിനായി അയല്‍പക്കത്തുള്ള ബന്ധുവിന്റെ വള്ളം കരുതിക്കൂട്ടി വാങ്ങിയിരുന്നു. രണ്ടാംകൃഷിയുള്ള പാടത്തുനിന്ന് തോട്ടിലേക്ക് പമ്പിങ് നടക്കുന്നതിനാല്‍ ശക്തമായ ഒഴുക്കുണ്ട്. കിഴക്കന്‍വെള്ളത്തിന്റെ വരവുകൂടിയാകുമ്പോള്‍ മൃതദേഹം വേഗം വേമ്പനാട്ടുകായലിലേക്ക് ഒഴുകിപ്പോകുമെന്ന് പ്രതികള്‍ കണക്കൂകൂട്ടി. എന്നാല്‍, അനിതയുടെ മൃതദേഹം കയറ്റി തുഴയവേ വള്ളംമറിഞ്ഞതാണ് പ്രതികളുടെ കണക്കുകൂട്ടല്‍ തെറ്റാന്‍ കാരണം. കൊലപാതകം ആസൂത്രിതമാണെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു പോലീസ് സമര്‍ഥിച്ചത്. രജനിയുടെ വീട്ടില്‍ അനിതയെ കണ്ട അയല്‍ക്കാര്‍ രണ്ടുപേരുണ്ടായിരുന്നു. മൃതദേഹം കണ്ടശേഷം പ്രബീഷിനോടു വിവരം തിരക്കിയിരുന്നതായും പോലീസ് കോടതിയില്‍ പറഞ്ഞു. ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.