ഏറ്റുമാനൂര്‍(കോട്ടയം): അതിരമ്പുഴയില്‍ കുപ്രസിദ്ധരായ കുറുവ സംഘത്തില്‍പ്പെട്ട മോഷ്ടാക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സി.സി.ടി.വി.യില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍വച്ചാണ് പരിശോധന. പഞ്ചായത്ത് അധികൃതരും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായാറാഴ്ച പള്ളികളില്‍ കുര്‍ബാനയ്ക്കിടയില്‍ വൈദികര്‍ മോഷ്ടാക്കള സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച രാവിലെ അതിരമ്പുഴയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ഉള്ളവരാണെന്ന് ഇവര്‍ പറയുന്നു. തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാത്തതിനാല്‍ ഇത് സ്ഥിരീകരിക്കാനാകുന്നില്ല. ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവരെന്ന വ്യാജേനയാണ് ഇവര്‍ ചുറ്റിക്കറങ്ങുന്നത്.

ശനിയാഴ്ച മോഷണശ്രമം നടന്ന അഞ്ചാം വാര്‍ഡില്‍ നീര്‍മലക്കുന്നേല്‍ മുജീബിന്റെ വീടിന്റെ ഭിത്തിയില്‍ പ്രത്യേക അടയാളം കണ്ടെത്തി.

ചുണ്ണാമ്പ് പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. നാടോടി സ്ത്രീകളോമറ്റോ പകല്‍സമയം വീടും പരിസരവും നിരീക്ഷിച്ചശേഷം അടയാളം പതിച്ചതാകാമെന്ന് കരുതുന്നു. മുജീബിന്റെ വീട്ടില്‍ പകല്‍സമയം ആളുണ്ടാകാറില്ല.

തമിഴ്‌നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തില്‍നിന്ന് കുറുവസംഘം അതിരമ്പുഴയില്‍ എത്തിയെന്ന വാര്‍ത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ രാത്രിയില്‍ ബൈക്കിലും നടന്നും പട്രോളിങ് നടത്തി. പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും ജാഗ്രത തുടരുന്നു.

രാത്രിയില്‍ ഏതു സമയത്തും അസ്വാഭാവികമായി എന്തു സംഭവിച്ചാലും പോലീസില്‍ വിളിച്ചറിയിക്കണമെന്നും ഉടന്‍ തന്നെ സ്ഥലത്തെത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ആര്‍.രാജേഷ് കുമാര്‍ പറഞ്ഞു.

അടിച്ചിറയില്‍ മോഷണത്തിനു ശ്രമിച്ചതും കുറുവാ സംഘം

ഏറ്റുമാനൂര്‍ : അടിച്ചിറ ആമോസ് സെന്ററിനു സമീപത്തുള്ള അഞ്ചു വീടുകളില്‍ മോഷണശ്രമം നടത്തിയത് കുറുവ സംഘമെന്ന് സംശയം. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് ഇവിടങ്ങളില്‍ മോഷണശ്രമം നടന്നത്. ശ്രുതിയില്‍ പുരുഷോത്തമന്റെ വീടിന്റെ വെന്റിലേഷനില്‍ സ്ഥാപിച്ചിരുന്ന ചില്ലുകള്‍ ഇളക്കി മാറ്റിയതിനു ശേഷം പാര ഉപയോഗിച്ച് കമ്പികള്‍ വളച്ച് അകത്തു കടക്കാനായിരുന്നു ശ്രമം. തൊട്ടടുത്ത രാജേഷിന്റെ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ച് മോഷണ ശ്രമം നടത്തി . വീടുകളുടെ പരിസരങ്ങളിലെല്ലാം രണ്ടോ മൂന്നോ പേരുടെ കാല്പാടുകള്‍ വ്യക്തമായിരുന്നു.

കോട്ടയം നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ സാബുമാത്യു വിവരമറിയിച്ചതനുസരിച്ച് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ പ്രധാന വഴികളില്‍ സി. സി. ടി.വി. ക്യാമറകള്‍ സ്ഥാപിക്കാനും ശ്രമം ആരംഭിച്ചു. പോലീസ് പട്രോളിംഗിനൊപ്പം ദ്രുതകര്‍മ്മ സേനയും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് രാത്രി മുഴുവന്‍ വാര്‍ഡില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് കൗണ്‍സിലര്‍ സാബു മാത്യു അറിയിച്ചു.

Content Highlights : Kottayam in fear of 'Kuruva' Thieves