കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നുള്ള അതീവ അക്രമകാരികളായ  കുറുവ മോഷണസംഘം കോഴിക്കോട് എത്തിയത് സ്ഥിരീകരിച്ച് സിറ്റിപോലീസ്  കമ്മീഷണര്‍ എ.വി ജോര്‍ജ്ജ്. ഇവരുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകള്‍ എലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞദിവസം പാലക്കാട്ട് പിടിയിലായവരെ ഈ കേസുകളില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. അതീവ അക്രമകാരികളാണ് കുറുവ സംഘമെങ്കിലും അത്തരത്തില്‍ അക്രമം നടത്തി കവര്‍ച്ച നടത്തിയത് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, എലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഇവരുടെ  സാന്നിധ്യമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്നും കോടാലി, തൂമ്പാ പോലുള്ളവ വീടിന് പുറത്തുവെക്കാതെ സൂക്ഷിക്കണമെന്നും എ.വി ജോര്‍ജ്ജ് പറഞ്ഞു. 

അന്നശ്ശേരിയിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ നിന്നാണ് മോഷണത്തിന് പദ്ധതിയിട്ടത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അസമയത്ത് എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ്  ആളുകളെയോ വിളിച്ച് അറിയിച്ച ശേഷം മാത്രമേ  പുറത്തിറങ്ങാവൂ എന്നും കമ്മീഷണര്‍ അറിയിച്ചു. 

കുറുവ സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രികാല പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോയെടുത്ത് പരിശോധിക്കാനും അനാവശ്യമായി രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാല്‍പതോളം സംഘങ്ങളെ  നഗരത്തില്‍ മാത്രം നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.അടിയന്തര ഘട്ടങ്ങളില്‍ പോലീസ്  കണ്‍ട്രോള്‍ റൂമിലെ 04952721697 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

രാത്രികളില്‍ വീട് അക്രമിച്ച് മോഷണം നടത്തുന്നതാണ് തമിഴ്നാട്ടില്‍ നിന്നുള്ള കുറുവ സംഘത്തിന്റെ രീതി. വാതില്‍ അടിച്ച്  തകര്‍ത്ത് വീടുകളില്‍ അത്രിക്രമിച്ച് കയറുന്ന കുറുവ സംഘം വീട്ടുകാരെ ക്രൂരമായി അക്രമിക്കാനും മടിക്കാറില്ല. 

കഴിഞ്ഞദിവസം പാലക്കാട്ട് നിന്ന് പ്രത്യേക അന്വേഷണ സംഘം കുറുവ സംഘത്തില്‍പ്പെട്ട മൂന്നു പേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.കുറുവസംഘത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട് എലത്തൂരില്‍ നടന്ന രണ്ടു കവര്‍ച്ചാകേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്. 

Content Highlights: kuruva theft gang involved in two cases in kozhikode police given warning