അതിരമ്പുഴ(കോട്ടയം): അതിരമ്പുഴയില്‍ വീടുകളുടെ ഭിത്തിയില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി. മറ്റം കവല റോയല്‍ സ്ട്രീറ്റ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ 60 മുതലുള്ള ഏതാനും വീടുകളിലാണ് അടയാളങ്ങള്‍ കണ്ടത്.

പകല്‍ സമയങ്ങളില്‍ വീടുകളുടെ പരിസരം വീക്ഷിക്കുന്നവര്‍ മോഷ്ടാക്കള്‍ക്കുവേണ്ടി ചെയ്യുന്നതാണിതെന്ന സംശയമാണ് നാട്ടുകാര്‍ക്ക്. കഴിഞ്ഞ ദിവസം ഈ ഭാഗത്തുനിന്നാണ് കൂട്ടത്തോടെ നീങ്ങുകയായിരുന്ന ഇതര സംസ്ഥാനക്കാരായ നാടോടി സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.

ഒരേ ഭാഗത്ത് തൊട്ടടുത്ത വീടുകളുടെ ഭിത്തിയിലാണ് അടയാളങ്ങള്‍ കണ്ടത്. ജനങ്ങളെ ഭയപ്പെടുത്താന്‍ സാമൂഹിക വിരുദ്ധര്‍ ചെയ്തതാണോ എന്നും സംശയിക്കുന്നു.

അതിനിടെ, മാന്നാനത്ത് മോഷണസംഘം എത്തിയിരുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മാന്നാനം കളരിക്കല്‍ വീട്ടിലെ ഇന്ദിരയുടെ ഇരുനില വീടിന്റെ മതില്‍ ചാടിക്കടന്നാണ് നാലംഗസംഘം തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയത്. എന്നാല്‍, വീടിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്ന ഇന്ദിര ഇവരെ കാണുകയും ബന്ധുക്കളെയും പോലീസിനെയും മറ്റും വിവരം അറിയിക്കുകയും ചെയ്തു.വിവരമറിഞ്ഞ് യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളില്‍ എത്തിയതോടെ സംഘം ഓടി മറയുകയായിരുന്നു.

മാന്നാനം കുട്ടിപ്പടി ഭാഗത്തും അതിരമ്പുഴ കാട്ടാത്തി ജങ്ഷനുസമീപവും ഒളിച്ചിരുന്ന യുവാക്കളെ കണ്ടെത്തിയിരുന്നു. എന്നാല്‍, നാട്ടുകാരും പോലീസും എത്തിയതോടെ ഇവര്‍ കടന്നുകളഞ്ഞു. തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല.

കുറുവ സംഘത്തിന്റെ സാന്നിധ്യം സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് മോഷണശ്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വിവിധ സ്ഥലങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കി.

കുറുവ സംഘാംഗമെന്ന് സംശയം; അപരിചിതനെ പിടികൂടി വിട്ടയച്ചു

കുറവിലങ്ങാട്: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇതര ഭാഷ സംസാരിക്കുന്ന അപരിചിതനെ കുറുവ സംഘാംഗമെന്ന സംശയത്തില്‍ നാട്ടുകാര്‍ പിടികൂടിപോലീസില്‍ ഏല്പിച്ചെങ്കിലും വിട്ടയച്ചു.

അപരിചിതന്‍ കരാറുകാരനൊപ്പം പണി ചെയ്യുകയാണെന്നുപറഞ്ഞത് തൊഴിലുടമ എത്തിടതോടെ സ്ഥിരീകരിക്കുകയായിരുന്നു. കുറുവ സംഘാംഗമെന്ന് സംശയിക്കാന്‍ സാഹചര്യമില്ലെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു.

തുരുത്തിയില്‍ ആറ് വീടുകളില്‍ മോഷണശ്രമം

ചങ്ങനശ്ശേരി: കനത്തമഴയുടെ മറവില്‍ തുരുത്തിയില്‍ മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ദിവസം ആറ് വീടുകളിലാണ് മോഷണശ്രമം നടന്നത്. പാലത്തറച്ചിറ ഈസ്റ്റ് വെസ്റ്റ് ഓഡിറ്റോറിയത്തിന് പിന്നിലുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്. തുരുത്തി നീലച്ചുമുക്കില്‍ മോനിച്ചന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനലിന്റെ രണ്ട് അഴികള്‍ പൊളിച്ച് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും വീട്ടിലുള്ളവര്‍ ഉറങ്ങാത്തതുമൂലം മോഷണശ്രമം വിഫലമായി. കോട്ടപ്പുറം വീട്ടില്‍ ഡോക്ടര്‍ മേരിയുടെ വീടിന്റെ ഗേറ്റ് തുറന്ന് മോഷ്ടാക്കള്‍ അകത്ത് കടന്നെങ്കിലും മോഷണം നടന്നില്ല.

ഇതിനടുത്തുള്ള സുകുമാരന്‍, രഞ്ജിത്ത് എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഒരാള്‍ മതില്‍ ചാടിക്കടന്ന് വീട്ടുമുറ്റത്ത് എത്തുന്നത് ഇവരുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയത്താണ് വീടുകളില്‍ മോഷണശ്രമം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

വീടുകളില്‍ മോഷണശ്രമങ്ങള്‍ നടന്നതായി നാട്ടുകാര്‍ ചങ്ങനാശ്ശേരി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. മോഷണശ്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ രാത്രികാല നിരീക്ഷണത്തിനായി തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.