കുണ്ടറ: സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തര പീഡനത്തിനൊടുവില്‍ യുവതി പുഴയില്‍ച്ചാടി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വൈകിപ്പിക്കുന്നതായി പരാതി. വിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിളവീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതി കൃഷ്ണന്‍ (23) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 11-ഓടെ രേവതി കടപുഴ പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ത്രീധനം നല്‍കാനില്ലെന്ന് അറിയിച്ചിട്ടും വരന്റെ വീട്ടുകാരുടെ നിര്‍ബന്ധം കാരണമാണ് വിവാഹം നടത്തിയത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് മാനസികപീഡനമാരംഭിച്ചു. ഭര്‍ത്താവും ഭര്‍ത്തൃപിതാവുമടക്കം രേവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അമ്മ ശശികല പറയുന്നു. പോലീസും പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി.യാണ് കേസ് അന്വേഷിക്കുന്നതെന്ന് കിഴക്കേ കല്ലട പോലീസും കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി.യും പറയുന്നു.

ഭര്‍ത്താവിനെതിരേയും അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍

കൊല്ലം : കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീടുസന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം എം.എസ്.താര വീട്ടുകാരില്‍നിന്ന് തെളിവെടുത്തു. വിദേശത്തുള്ള, രേവതിയുടെ ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി അമ്മയും കുടുംബാംഗങ്ങളും കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

ഭര്‍ത്താവ് വിദേശത്തായിരുന്നെങ്കിലും ഫോണിലൂടെ നിരന്തരം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കമ്മിഷനോട് വെളിപ്പെടുത്തി. ഭര്‍ത്തൃവീട്ടിലുണ്ടാകുന്ന മാനസികപീഡനങ്ങള്‍ക്ക് ആത്മഹത്യയല്ല പരിഹാരമെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങി നിയമപരമായ മാര്‍ഗങ്ങളിലൂടെ കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങിനല്‍കുകയാണ് വേണ്ടതെന്നും എം.എസ്.താര പറഞ്ഞു.