കൊച്ചി: കുമ്പളങ്ങിയില്‍ ആന്റണി ലാസറിനെ (39) കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയടക്കം രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഒന്നാം പ്രതി കുമ്പളങ്ങി സ്വദേശി തറേപ്പറമ്പില്‍ വീട്ടില്‍ ബിജു (43), ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ കുമ്പളങ്ങി ഭജനമഠത്തിനു സമീപം താമസിക്കുന്ന ലാല്‍ജു (38) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ നാല് പ്രതികളും അറസ്റ്റിലായി. തിങ്കളാഴ്ച ബിജുവിന്റെ ഭാര്യ രാഖി (22) യും ബിജുവിന്റെ സുഹൃത്ത് പുത്തങ്കരി വീട്ടില്‍ സെല്‍വനും (53) അറസ്റ്റിലായിരുന്നു.

കഴിഞ്ഞ മാസം ഒമ്പതിനാണ് ലാസറിന്റെ തിരോധാനത്തില്‍ സഹോദരന്റെ മൊഴിപ്രകാരം പള്ളുരുത്തി പോലീസ് അന്വേഷണം തുടങ്ങിയത്. ജൂലായ് 31-ന് ലാസറിന്റെ മൃതദേഹം ഒന്നാം പ്രതി ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ട ലാസറും സഹോദരനും ചേര്‍ന്ന് ഒന്നാം പ്രതി ബിജുവിനെ നാലുവര്‍ഷം മുന്‍പ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതിന്റെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് തിരിച്ചറിഞ്ഞു.

ജൂലായ് ഒമ്പതിന് പ്രശ്‌നം തീര്‍പ്പാക്കാനെന്ന വ്യാജേന ലാസറെ, സെല്‍വനും ലാല്‍ജിയും ചേര്‍ന്ന് വിളിച്ച് ബിജുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവരെല്ലാം ചേര്‍ന്ന് മദ്യം കഴിച്ച ശേഷം ബിജുവും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേര്‍ന്ന് ലാസറെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പാടവരമ്പത്ത് കുഴികുത്തി മൃതദേഹം മൂടി. ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവു ചെയ്യുന്നതിനും പ്രതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത് രാഖിയാണ്.

പ്രതികളെ പിടികൂടുന്നതില്‍ നാട്ടുകാരുടെ സഹായവുമുണ്ടായി എന്ന് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പത്രസമ്മേളനത്തില്‍ പറഞ്ഞു. പള്ളുരുത്തി പോലീസ് സ്റ്റേഷന്‍ എസ്.ഐ. ദീപുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ.മാരായ സുഗോഷ്, സമദ്, സി.പി.ഒ.മാരായ ജിജോ, രതീഷ്, പ്രശാന്ത്, പ്രജിത്, രാജീവ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊടും ക്രൂരത

കുമ്പളങ്ങിയില്‍ നടന്നിരിക്കുന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം. കൊലപ്പെടുത്തിയ ശേഷം ലാസറിന്റെ വയറുകീറി കല്ലുനിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കിയത് താനാണെന്ന് രാഖി പോലീസിന് മൊഴി നല്‍കി. വയര്‍ കീറിയ ശേഷം ആന്തരികാവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളിയതും രാഖി ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Content Highlights: kumbalangi murder case two more accused arrested