തിരുവനന്തപുരം: അവധി നിഷേധിച്ച ഇന്‍സ്‌പെക്ടറെ വനിതാ കണ്ടക്ടര്‍ പരസ്യമായി തല്ലി. കൈയാങ്കളിക്കിടെ ഇന്‍സ്പെക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ വനിതാ കണ്ടക്ടര്‍ നിലതെറ്റി താഴെ വീണു. കെ.എസ്.ആര്‍.ടി.സി തൃശ്ശൂര്‍ ഡിപ്പോയിലാണ് അവധി നിഷേധവും കൈയാങ്കളിയും നടന്നത്. സംഭവത്തിന്റെ പേരില്‍ ഇരുവരെയും സ്ഥലം മാറ്റി.

മേലുദ്യോഗസ്ഥനെ പരസ്യമായി ആക്രമിച്ചുവെന്ന കുറ്റമാണ് വനിതാ കണ്ടക്ടര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പൊതുജനമധ്യത്തില്‍ തന്നെ കൈയേറ്റം ചെയ്യുന്ന വിധത്തില്‍ വനിതാജീവനക്കാരിയെ പ്രകോപിപ്പിച്ച്, കോര്‍പ്പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ഇന്‍സ്‌പെക്ടര്‍ക്കെതിരേയും കേസുണ്ട്. 

മേലുദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതില്‍ സൂപ്പര്‍വൈസറി വിഭാഗത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ ഒഴിഞ്ഞുമാറിയതുകൊണ്ടാണ് വനിതാ കണ്ടക്ടര്‍ താഴെ വീണതെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവിലെ ഈ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ ട്രോളിന് ഇടയാക്കിട്ടുണ്ട്.