കൊട്ടാരക്കര: കൊട്ടാരക്കരയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.ബസ് കടത്തിയ സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. ഡിപ്പോയില്‍നിന്ന് ബസ് ഓടിച്ച് വീട്ടില്‍പ്പോയ താത്കാലിക ജിവനക്കാരനെ പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

അഞ്ചുവര്‍ഷംമുന്‍പായിരുന്നു സംഭവം. ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന നെല്ലിക്കുന്നം-ചെപ്ര ബസാണ് ജീവനക്കാരന്‍ ഓടിച്ചുകൊണ്ടുപോയത്. ചന്തമുക്കിലെത്തിയപ്പോള്‍ ബസിലുണ്ടായിരുന്ന യാത്രക്കാരോട് ചാടിയിറങ്ങാനാവശ്യപ്പെട്ടു. തുടര്‍ന്ന് അപകടകരമാംവിധം തിരിഞ്ഞ് പുത്തൂര്‍ റൂട്ടിലേക്കുപോയി.

സംഭവം ശ്രദ്ധയില്‍പ്പെട്ട, ചന്തമുക്കില്‍ ഡ്യൂട്ടയിലുണ്ടായിരുന്ന പോലീസുകാരന്‍ സജീവ് ബൈക്കില്‍ പിന്തുടര്‍ന്നു. കോട്ടാത്തലയിലെത്തിയപ്പോള്‍ സാഹസികമായി ബസില്‍ കയറി ബസ് നിര്‍ത്തിച്ചു. ഇതിനിടയില്‍ ബസ് മറ്റൊരു വാഹനത്തില്‍ തട്ടുകയും ചെയ്തിരുന്നു. ശമ്പളം ലഭിക്കാത്തതിലുള്ള മാനസികാസ്വാസ്ഥ്യത്തിലായിരുന്നു നെടിയവിള സ്വദേശിയായ ജീവനക്കാരനെന്നു പിന്നീട് കണ്ടെത്തി.

തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്യാനായി ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി.ബസുമായി പോയ സംഭവവുമുണ്ടായിട്ടുണ്ട്.

കൊല്ലം ഡിപ്പോയില്‍നിന്നും ബസ് കടത്തിയിട്ടുണ്ട്. 2017-ലാണ് ആറ്റിങ്ങല്‍ സ്വദേശി മദ്യലഹരിയില്‍ ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.ബസുമായി കടന്നത്.

അര്‍ധരാത്രി വീട്ടിലേക്ക് പോകാന്‍ മറ്റുവാഹനങ്ങള്‍ കിട്ടാതായതോടെയാണ് ബസുമായി കടന്നത്. ചിന്നക്കടയില്‍ വൈദ്യുത തൂണില്‍ ഇടിച്ചതിനാല്‍ യാത്ര മുടങ്ങി.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷൂസ് ബസില്‍ കുടുങ്ങിയതിനാല്‍ പോലീസിന്റെ പിടിയിലായി.

ഡിപ്പോകളില്‍ ഇടമില്ല

ജില്ലയിലെ മിക്ക കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലും ബസുകള്‍ നിര്‍ത്തിയിടാനാവശ്യമായ സ്ഥലമില്ല.

കൊട്ടാരക്കരയില്‍ 116 ബസുകളാണുള്ളത്. കുറഞ്ഞത് 15 ബസെങ്കിലും േേറാഡരികില്‍ നിര്‍ത്തിയിടുകയാണ് പതിവ്. ജില്ലയിലെ മറ്റു ഡിപ്പോകളിലും സമാനസ്ഥിതിയാണ്. സാമൂഹികവിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും രാത്രിതാവളങ്ങളും ഇത്തരത്തില്‍ റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകളാണ്.

കൊട്ടാരക്കര പട്ടണത്തില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിന്റെ മറവിലുള്ള കടകളില്‍ മോഷണവും ഒരുകാലത്ത് പതിവായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ബസിന്റെ മറവില്‍ കൊലപാതകവും കൊട്ടാരക്കരയില്‍ ഉണ്ടായിട്ടുണ്ട്.

Content Highlights: ksrtc bus stolen from kottarakkara